സഹ്യകിരണ്‍ പദ്ധതി: വനത്തില്‍നിന്നും തേന്‍ ശേഖരിക്കുന്നവര്‍ക്കായി പരിശീലനം തുടങ്ങി

പാലക്കാട് : പട്ടികവര്‍ഗ്ഗ വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ഗോത്രജനതക്കുള്ള 'സഹ്യകിരണ്‍' പരമ്പരാഗത തൊഴില്‍ ശാക്തീകരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി വനത്തില്‍നിന്നും തേന്‍ ശേഖരണത്തിനുള്ള പരിശീലനം തുടങ്ങി. പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ആനവായ്, തടിക്കുണ്ട്, മുരുഗള, കിണറ്റുകര, മേലെ-താഴെതൊടുക്കി, ഗലസി എന്നിവിടങ്ങളിലെ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തെരഞ്ഞെടുത്ത 60 ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനം ആനവായ് ഊരില്‍ ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തേന്‍ ശേഖരിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ സംവിധാനങ്ങളെ കുറിച്ചും പ്രതിപാദിച്ചു. തുടര്‍ന്ന് തേന്‍ ശേഖരിക്കുന്ന ഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങളും അതിനാവശ്യമായ ഉപകരണങ്ങളും നല്‍കി. തുടര്‍പ്രവര്‍ത്തനത്തിനായി സഹ്യകിരണ്‍-എസ്.ടി സ്വാശ്രയ സംഘം ആനവായ് എന്ന പേരില്‍ സംഘം രൂപീകരിച്ച് സംഘത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇവയുടെ ശാസ്ത്രീയമായ സംസ്‌കരണത്തെക്കുറിച്ചും കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും നല്‍കും. മൂന്നാം ഘട്ടത്തില്‍ ഇവയുടെ വിപണനത്തിനും ബ്രാന്‍ഡിങ്ങിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നല്‍കും. പരിപാടിയില്‍ പ്രോജക്ട് ഓഫീസര്‍ എസ്.ജെ നന്ദകുമാര്‍, സഹ്യകിരണ്‍ സംഘം പ്രസിഡന്റ് സോമന്‍ ആനവായ്, സെക്രട്ടറി പണലി, ട്രഷറര്‍ രാജേന്ദ്രന്‍, ട്രെയിനര്‍ വൈശാഖ് എന്നിവര്‍ പങ്കെടുത്തു.