തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി
പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ പൊതുനിരീക്ഷകൻ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് വരണാധികാരികൾ, നോഡൽ ഓഫീസർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുതാര്യവും നീതിയുക്തവുമാക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പൊതുനിരീക്ഷകൻ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹരിത ചട്ടം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">ജില്ലയിലെ വിവിധ ബ്ലോക്ക്, നഗരസഭാ സ്വീകരണ- വിതരണ കേന്ദ്രങ്ങളിലേക്കുള്ള വോട്ടിങ് മെഷീൻ വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് വിതരണം പൂർത്തിയാകും. തുടർന്ന് ഡിസംബർ 5, 6, 7 തീയതികളിലായി വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഈ പ്രക്രിയ. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ വിതരണത്തിനായി സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.
പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങൾ സജ്ജീകരിക്കുമ്പോൾ മതിയായ കൗണ്ടറുകൾ ഒരുക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ എം.എസ് മാധവിക്കുട്ടി വരണാധികാരികളോട് നിർദ്ദേശിച്ചു. പോളിങ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.
ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ വിശദീകരിച്ചു.
എ.ഡി.എം കെ. സുനിൽകുമാർ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപിനാഥൻ, പാലക്കാട് ഡി.എഫ്.ഒ രവികുമാർ മീണ, വിവിധ തദ്ദേശ സ്ഥാപന വരണാധികാരികൾ, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
.jpg)

