പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്

ksrtc

പാലക്കാട്: കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്കേറ്റു. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരുക്കേറ്റത്. ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോട് സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസിലെ കണ്ടക്ടറാണ് അപകടത്തില്‍പ്പെട്ടത്.ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

 സംഭവസമയത്ത് ബസില്‍ നൂറിലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് കാരണം ആയക്കാട് ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. സ്റ്റോപ്പില്‍ നിന്ന് ഏകദേശം 20 അടി മുന്നോട്ട് നീങ്ങിയ ശേഷമാണ് മുഹമ്മദ് റോഡിലേക്ക് വീണത്. പരുക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് തൊട്ടുമുമ്പ് പുളിക്കൂട്ടം ബസ് സ്റ്റോപ്പില്‍ കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി ബസിന്റെ പിന്നിലെ ഡോറിലൂടെ വീണ്ടും കയറി ഡോര്‍ അടച്ചിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് സഞ്ചരിക്കുന്നതിനിടെ തിരക്ക് കാരണം ഡോര്‍ അറിയാതെ തുറന്നുപോയതാകാമെന്നും ഇതാണ് കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ചുവീഴാന്‍ കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

Tags