രാഷ്ട്രീയ പാര്‍ട്ടി-മത-സാമുദായിക സംഘടനാ യോഗം ചേര്‍ന്നു

google news
sd

പാലക്കാട് :  ജില്ലയില്‍ മതസൗഹാര്‍ദ്ദത്തിന് പുറമേ മനുഷ്യസൗഹാര്‍ദ്ദവും സാമൂഹിക ഒരുമയും നിലനിര്‍ത്തുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. എ.ഡി.എം. കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനുമായി തദ്ദേശസ്ഥാപന തലത്തില്‍ യോഗം ചേരണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അവശ്യപ്പെട്ടു. വാര്‍ഡ് തല യോഗങ്ങളിലും ഗ്രാമസഭകളിലും സാമൂഹ്യസൗഹാര്‍ദ്ദം അജണ്ടയായി വരണമെന്നും ആവശ്യമുയര്‍ന്നു. 
തദ്ദേശസ്ഥാപനതലത്തില്‍ ഇത്തരം യോഗം ചേരുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുമതിയോടെ യോഗം ചേരുമെന്നും എ.ഡി.എം അറിയിച്ചു. 

ഉത്സവകാലം ആരംഭിക്കാനിരിക്കെ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന ക്രമസമാധാന യോഗങ്ങള്‍ ഫലപ്രദമാക്കണം എന്ന നിര്‍ദേശവും യോഗത്തിലുണ്ടായി.യോഗങ്ങളില്‍ പ്രാദേശിക തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത സാമുദായിക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. മയക്കുമരുന്നിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി. സ്‌കൂള്‍ കേന്ദ്രീകരിച്ച് പോലീസ്, എക്‌സൈസ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം ഊര്‍ജിതമാക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ലഭ്യമാകുന്ന ഏത് ചെറിയ വിവരവും പോലീസിന് കൈമാറണമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം പ്രവീണ്‍കുമാര്‍ പറഞ്ഞു. യോഗത്തില്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം പ്രവീണ്‍കുമാര്‍, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags