പരുതൂര്‍ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

google news
sdh


പാലക്കാട് :  പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകളിലെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ ഒറ്റമുറിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും പ്രത്യേകം ക്യാമ്പിനുകള്‍ സജ്ജമാക്കി. 

ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സമീപിക്കുന്ന ഫ്രണ്ട് ഓഫീസിലെ സൗകര്യവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി ഭവന്‍, എന്‍ജിനീയറിങ് വിഭാഗം, തൊഴിലുറപ്പ് ഓഫീസ്, ശുചിമുറികള്‍ എന്നിവയും കൂടുതല്‍ സൗകര്യങ്ങളോടെ മികച്ചതാക്കി. പരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ് അധ്യക്ഷയായ പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags