സ്കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ ശക്തിപ്പെടുത്തും: പാലക്കാട് ജില്ലാ വികസന സമിതി

Actions against drug use in school premises to be strengthened: Palakkad District Development Committee
Actions against drug use in school premises to be strengthened: Palakkad District Development Committee

പാലക്കാട് : സ്കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവുകള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നശാമുക്ത് ഭാരത് അഭിയാന്‍ വളണ്ടിയര്‍മാരുടെയും സ്കൂളുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി കാഡറ്റുകളുടെയും സഹകരണത്തോടെ സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ശക്തിപ്പെടുത്തും. ലഹരി എത്തിക്കുന്ന കാരിയേഴ്സിനെ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്ന് മുഹമ്മദ് മുഹ്‍സിന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പട്ടാമ്പിയില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് അനുവദിക്കമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

പത്തിരിപ്പാല ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. തച്ചമ്പാറ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കോങ്ങാട് മണ്ഡലത്തിലെ കാടുപിടിച്ച് കിടക്കുന്ന ബസ് സ്റ്റോപ്പുകള്‍ വൃത്തിയാക്കാനും ബസുകള്‍ സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തുന്നു എന്നുറപ്പാക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പറളി വട്ടപ്പള്ളത്ത് റെയില്‍ അടിപ്പാത നിര്‍മിക്കുന്നതിനുള്ള നിലം പരിവര്‍ത്തനപ്പെടുത്തുന്നതിന് കാര്‍ഷികോത്പാദന കമ്മീഷണര്‍ അനുമതി നല്‍കിയതായി കെ. ശാന്തകുമാരി എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

കൊച്ചിന്‍ പാലം മുതല്‍ പൊതുവാള്‍ ജങ്ഷന്‍ വരെയും കുളപ്പുള്ളി മുതല്‍ ഷൊര്‍ണൂര്‍ വരെയുമുള്ള റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നവീകരണം നടത്തിയ മുണ്ടൂര്‍- തൂത പാതയുടെ സമീപത്തെ വീട്ടുകാര്‍ റോഡുമായുള്ള വീടുകളുടെ ഉയരവ്യത്യാസം കാരണം ബുദ്ധിമുട്ടുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പാലക്കാട് തോണിപ്പാളയം പ്രദേശവാസികള്‍ക്ക് റോഡില്ലാത്ത വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അനുമതി ലഭിച്ചതിലും അധികം മണല്‍ വാളയാര്‍ ഡാമില്‍ നിന്നും ശേഖരിക്കുന്നുണ്ടെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.  

മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളിലായി നടന്ന ‘കരുതലും കൈത്താങ്ങും’ പൊതുജനപരാതി പരിഹാര അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ചിറ്റൂര്‍ മേഖലയില്‍ കള്ളില്‍ സ്പിരിറ്റ് ചേര്‍ത്ത് വില്‍ക്കുന്നത് വ്യാപകമാണെന്നും ഇതിനെതിരെ പൊലീസും എക്സൈസും റെയ്ഡ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പട്ടാമ്പി മണ്ഡലത്തിലെ റവന്യൂ ടവര്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രസ്തുത സൈറ്റിലെ നിര്‍മിതികളും കെ.എസ്.ഇ.ബി പോസ്റ്റുകളും സ്റ്റേ വയറുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന്  മുഹമ്മദ് മുഹസിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വേനലിലെ കുടിവെള്ള ക്ഷാമം മുന്‍കൂട്ടി കണ്ട് ഓങ്ങല്ലൂര്‍- വല്ലപ്പുഴ  മേഖലയില്‍ കുടിവെളള വിതരണത്തിന് പദ്ധതി രൂപീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ദേശീയപാതാ വികസനത്തിനെന്ന പേരില്‍ തൃത്താല മേഖലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍ ആവശ്യപ്പെട്ടു. മണ്ണെടുക്കുന്ന മേഖലകളില്‍ പരിശോധന നടത്താന്‍ ജിയോളജി വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഫയലുകളുടെ ഫോളോ അപ്പ് നടപടികള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ മുഹമ്മദ് മുഹ്‍സിന്‍, പി. മമ്മിക്കുട്ടി, കെ.ശാന്തകുമാരി, എ പ്രഭാകരന്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, എ.ഡി.എം കെ മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത, വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Tags