പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം :പാലക്കാട് ജില്ലാ കളക്ടർ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി ജില്ലയിൽ നിലവിൽ പൂർത്തീകരണത്തിലേക്ക് എത്തിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ (ഡി ഡി സി) ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി നിർദ്ദേശിച്ചു. വിവിധ പദ്ധതികൾക്കായി അനുവദിച്ച തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ ജില്ലയ്ക്ക് നാലാം സ്ഥാനമാണെന്നും ഡി ഡി സിയിൽ നല്ല പുരോഗതിയാണുള്ളതെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി പറഞ്ഞു. ഷൊർണൂർ മണ്ഡലത്തിലെ എലിയപ്പൊറ്റ-കുളപ്പുള്ളി റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിനായി പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി, ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്ന് പി മമ്മിക്കുട്ടി എം.എൽ.എ യെ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ചെർപ്പുളശ്ശേരി ആശുപത്രിയിൽ എം.എൽ.എ ഫണ്ടിലുൾപ്പെടുത്തി എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചെന്നും സൈറ്റുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതർ എഗ്രിമെന്റ് പൂർത്തീകരിച്ച ഉടനെ പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
tRootC1469263">വിഷയവുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്ത് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് എംഎൽഎ നിർദ്ദേശിച്ചു. ആലത്തൂർ മണ്ഡലത്തിൽ ഇറിഗേഷൻ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന 13 കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട്, പട്ടയം ലഭിക്കാത്ത നിയമപരമായി യോഗ്യതയുള്ള നാല് കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്ന് കെ ഡി പ്രസേനൻ എംഎൽഎ നിർദ്ദേശിച്ചു. മമ്പാട് പൂവത്തിങ്കൽ റോഡ് നിർമ്മാണത്തിനായി ജെ.ജെ.എം ഫണ്ട് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പ്രവൃത്തി ആരംഭിക്കുമെന്നും, രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. മേലാർകോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച്, ഉദ്ഘാടനത്തിന് തയ്യാറായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കിഴക്കഞ്ചേരി 2 വില്ലേജിലെ മിച്ചഭൂമി പട്ടയം വിതരണം ചെയ്യുന്നതിനായി സർവ്വേ നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്താൻ എംഎൽഎ നിർദ്ദേശം നൽകി. ഒറ്റപ്പാലം മണ്ഡലത്തിലെ പല്ലാർമംഗലത്ത് ശ്മശാനത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന്, സർക്കാർ അനുമതി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരോട് സംയുക്ത പരിശോധന നടത്താൻ ജില്ല കളക്ടർ നിർദ്ദേശിച്ചു.
മുരുക്കുംപൊറ്റ ജംഗ്ഷൻ നവീകരണത്തിനായി ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അധികൃതരോട് സംയുക്ത പരിശോധന നടത്തി വിവരം അറിയിക്കാനും ജില്ല കളക്ടർ നിർദ്ദേശം നൽകി. ജംഗ്ഷനിൽ സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. ജംഗ്ഷനിൽ അനധികൃതമായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ പോസ്റ്റുകൾ മാറ്റുന്നതിനു വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ പ്രേംകുമാർ എംഎൽഎ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. ശ്രീകൃഷ്ണപുരം ലക്ഷം വീട് ഉന്നതിയിലെ മലൈപ്പണ്ടാരം വിഭാഗത്തിൽപെട്ട മുപ്പതിലധികം കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി പ്രയത്‌നിച്ച ജില്ല കളക്ടർ ഉൾപ്പെട്ട ജില്ലാ ഭരണകൂടത്തെ എം.എൽ.എ യോഗത്തിൽ അഭിനന്ദിച്ചു. ചിറ്റൂർ മണ്ഡലത്തിലെ സർക്കാർപതി അംബേദ്ക്കർ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായും പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പ് അധികൃതർ മറുപടി നൽകി. ശൌരിയാർപാളയം ക്ഷീര സംഘത്തിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതി പരിശോധിക്കാൻ നിർദേശം നൽകിയെന്നും, ഇതുവരെ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ക്ഷീരവികസന വകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പി സെൻട്രൽ ഓർച്ചാഡിന്റെ നിർമ്മാണത്തിൽ ജൈവകൃഷി പരിശീലന കേന്ദ്രം, പോളി ഹൗസ്, സംയോജിത കൃഷി യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തി ആരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന പ്രസ്തുത സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ആഴ്ച സമർപ്പിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. നെന്മാറ മണ്ഡലത്തിലെ കൊടുവാൾപാറ-പോത്തുണ്ടി റോഡിന്റെ നിർമ്മാണ പ്രവർത്തി അടുത്ത ദിവസം ആരംഭിക്കുമെന്നും, കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പുതുപ്പരിയാരം ഹൈസ്‌കൂളിന്റെ നിർമ്മാണം ആരംഭിച്ചതായും, ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും എൽ.എസ്.ജി.ഡി അധികൃതരും യോഗത്തിൽ അറിയിച്ചു. വിവിധ എം.എൽ.എ മാരുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന നവകേരളസദസുമായി ബന്ധപ്പെട്ട പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ മാരായ പി മമ്മിക്കുട്ടി, കെ.ഡി പ്രസേനൻ, കെ പ്രേംകുമാർ, പട്ടാമ്പി നഗരസഭ ചെയർപേഴ്‌സൺ ടി.പി ഷാജി, ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്‌സൺ സുമേഷ് സുമേഷ് അച്യുതൻ, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ് വിനോദ്ബാബു, എ.ഡി.എം കെ സുനിൽകുമാർ ആർ.ഡി.ഒ കെ.മണികണ്ഠൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ എസ്.എസ് അൽഫ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


