പാലക്കാട് പെരുമാട്ടി കമ്പാലത്തറയില്‍ ഒന്‍പതുപേര്‍ക്ക് തേനീച്ച കുത്തേറ്റു

bee
bee

പാലക്കാട്: ചിറ്റൂര്‍ പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറയില്‍ തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പതുപേര്‍ക്ക് പരുക്ക്. കമ്പാലത്തറ സ്വദേശികളായ മണി (65), കല (50), സുമേഷ് (30), പൊന്നുചാമി (52), കൃഷ്ണന്‍ (62), സന്ധ്യ (28), ഷിജു (23), സുകേഷ് (23), ശശി (40) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പരുക്കേറ്റവര്‍ വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കന്നിമാരി നെല്ലിമേട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടി.

കമ്പാലത്തറ പാല്‍ സൊസൈറ്റിക്ക് സമീപത്താണ് സംഭവം. തേനീച്ച കൂട്ടത്തോടെയെത്തി കുത്തുകയായിരുന്നു. പാല്‍ സൊസൈറ്റിക്കു സമീപത്തെ മരത്തില്‍നിന്ന് തേനീച്ചകള്‍ ഇളകി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കു പോവുകയായിരുന്ന കലയ്ക്കാണ് ആദ്യം കുത്തേറ്റത്. പിന്നീട് അതുവഴിവന്ന സന്ധ്യയ്ക്കും സുമേഷിനും പൊന്നുച്ചാമിക്കും കുത്തേറ്റു.

ഇതേസമയം പാല്‍ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന മണിക്കും കുത്തേറ്റു. മണി നേരേ പാല്‍ സൊസൈറ്റിയിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നുവന്ന തേനീച്ചകള്‍ സൊസൈറ്റിക്കകത്തുണ്ടായിരുന്ന ജീവനക്കാരായ ഷിജുവിനെയും സുകേഷിനെയും ശശിയെയും കുത്തി.
ഓടിയെത്തിയ നാട്ടുകാര്‍ തേനീച്ചകളെ തീയിട്ട് അകറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെങ്കിലും നിസാര പരുക്കുകളായതിനാല്‍ ചികിത്സ തേടിയിട്ടില്ല. ഇതിനും മുന്‍പും ഈ പ്രദേശത്ത് നിരവധി പേര്‍ക്ക് തേനീച്ചകളുടെ അക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഏതാനും ദിവസം മുന്‍പാണ് തേനീച്ചകളുടെ കൂട്ടത്തോടെയുള്ള അക്രമണത്തില്‍ നല്ലേപ്പിള്ളി പഞ്ചായത്തിലെ വാക്കിനിച്ചള്ളയില്‍ കര്‍ഷകന്‍ സത്യരാജന്‍ (72) മരണപ്പെട്ടത്.

Tags