ദേശീയ മന്തുരോഗ നിവാരണം: സമൂഹ ചികിത്സാ പരിപാടിക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി


പാലക്കാട് : ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയ വിരകൾക്കെതിരെ ഒരു സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ഒരു ദിവസം തന്നെ ഗുളിക നൽകി വിരസാന്ദ്രത കുറച്ച് സമൂഹത്തിൽ രോഗസംക്രമണം തടയുന്നതിനുള്ള പരിപാടിയാണിത്. ഫെബ്രുവരി 10 മുതൽ രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ. ശോഭന അധ്യക്ഷത വഹിച്ച പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിർമല, സമൂഹ ചികിത്സ പരിപാടി ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ വിഷയാവതരണം നടത്തി.
മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ ഉണ്ണിത്താൻ, വാർഡ് മെമ്പർ സൗമ്യ വിനീഷ്, കോങ്ങാട് സി.എച്ച്.സി. സൂപ്രണ്ട് ഡോ. മൈനാവതി, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രജീഷ, ജില്ലാ വി.ബി.ഡി കൺട്രോൾ ഓഫീസർ കെ.ആര്‍ ദാമോദരൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഇൻ ചാർജ് രജീന രാമകൃഷ്ണൻ, പാലക്കാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.സുരേന്ദ്രൻ, കുടുംബശ്രീ മിഷൻ സ്നേഹിത കൗൺസിലർ ഉഷാ കുമാരി കെ, ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 2 വിനോദ് കുമാർ, ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്സ് ഇൻ ചാർജ് ടി.പി രമ എന്നിവർ സംസാരിച്ചു.

മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മൈക്രോ ഫൈലെറിയ അസ്സസ്മെൻറ്, പ്രീടാസ് സര്‍വെകള്‍ നടത്തിയിരുന്നു. ഇതില്‍ മൈക്രോ ഫൈലേറിയ വിരകൾ ബാധിച്ച വ്യക്തികളുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്ത കോങ്ങാട് ഹെൽത്ത് ബ്ലോക്കിലെ കോങ്ങാട്, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുപ്പരിയാരം, കേരളശ്ശേരി, മണ്ണൂർ, കരിമ്പ, മുണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും പാലക്കാട് മുനിസിപ്പാലിറ്റിയിലുമാണ് സമൂഹ ചികിത്സാ പരിപാടി നടപ്പാക്കുന്നത്.
ശരീരത്തിലെ ഫൈലേറിയ വിരകൾ നശിക്കുന്നതിനായി ഒരു ആൽബൻ്റസോൾ ഗുളികയും മൈക്രോഫൈലേറിയ വിരകൾ നശിക്കുന്നതിനായി പ്രായമനുസരിച്ച് നിഷ്കർഷിച്ചിട്ടുള്ള അളവിൽ ഡി.ഇ.സി. ഗുളികകളും കഴിക്കണം. ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും പ്രസ്തുത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് പ്രദേശനിവാസികൾ എല്ലാവരും ഗുളികകൾ കഴിച്ചു എന്ന് ഉറപ്പുവരുത്തും.
രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ക്യാൻസർ, വൃക്ക രോഗങ്ങൾ തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവർ ഒഴികെ എല്ലാവരും ഗുളികകൾ കഴിക്കണം. ആഹാരത്തിനു ശേഷമാണ് ഗുളികകൾ കഴിക്കേണ്ടത്.
മൈക്രോ ഫൈലേറിയ വിരകൾ ശരീരത്തിൽ ഉണ്ടായാലും രോഗ ലക്ഷണങ്ങളോ കാര്യമായ ബുദ്ധിമുട്ടുകളോ പ്രകടമാകാൻ അഞ്ചു മുതൽ 15 വർഷങ്ങൾ വരെ എടുക്കും എന്നതിനാൽ തന്നെ രോഗബാധിതരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ആയതിനാൽ രോഗ ലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ളവരും ഗുളികകൾ കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.