പാലക്കാട് ജില്ലയിൽ ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് : നാല് പരാതികള്‍ തീര്‍പ്പാക്കി

Minority Commission sitting in Palakkad district: Four complaints were settled
Minority Commission sitting in Palakkad district: Four complaints were settled

പാലക്കാട് : ജില്ലയില്‍ ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ സിറ്റിങ്ങില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ മെമ്പര്‍ പി. റോസയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ ആകെ അഞ്ച് പരാതികളാണ് പരിഗണിച്ചത്. അതില്‍ ഒരെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് തുടര്‍ നടപടികള്‍ക്കായി മാറ്റി വച്ചു.

വീടും സ്ഥലവും ലഭിക്കുന്നതിനായി പുതുനഗരം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുനഗരം പഞ്ചായത്ത് സന്നദ്ധസംഘടനയുടെ സഹായത്തോടെ അടിയന്തരമായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റിങ്ങില്‍ കമ്മീഷന്‍ മെമ്പര്‍ അറിയിച്ചു. പരാതിക്കാരിയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാരിലേക്ക് നിര്‍ദ്ദേശം നല്‍കി.
ന്യൂനപക്ഷ പദവി ലഭിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ നല്‍കിയ അപേക്ഷയും നിലവിലെ ഹൈക്കോടതി വിധിയും പരിഗണിച്ച് സ്‌കൂള്‍ മാനേജ്മെന്റിനെ നേരിട്ട് കേട്ട ശേഷം എന്‍.ഒ.സി നല്‍കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് കമ്മീഷന്‍ അവശ്യപ്പെട്ടു. ക്രിസ്ത്യന്‍-മുസ്ലീം  ന്യൂനപക്ഷ വിഭാഗങ്ങള്‍  പ്രസ്തുത സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളായുണ്ടെങ്കിലും ന്യൂനപക്ഷ പദവി നിരസിക്കപ്പെട്ട സാഹചര്യത്തിലാണ് സ്‌ക്കൂള്‍ അധികൃതര്‍ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.

 നഴ്സറി സ്‌കൂള്‍ തുടങ്ങുന്നതിന് മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ തടസ്സപ്പെടുത്തിയതായി പരുതൂര്‍ സ്വദേശിയുടെ പരാതി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി തീര്‍പ്പാക്കി.  ക്രിസ്തുമസ് ആഘോഷത്തിനിടെ നല്ലേപ്പിള്ളി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അധ്യാപകരേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സിറ്റിങ്ങില്‍ കമ്മീഷന്‍ അസിസ്റ്റന്റ് ആര്‍.സി. രാഖി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരാതികള്‍ 9746515133 എന്ന വാട്സ്ആപ്പ് നമ്പറില്‍ അയക്കാം.

Tags