സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്കുയര്‍ന്നു:മന്ത്രി മുഹമ്മദ് റിയാസ്

Christmas – New Year Celebration: Minister Muhammad Riyaz inaugurated the Mananchira ‘Light Show’

പാലക്കാട് :കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം റോഡുകൾ നവീകരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് മറികടന്ന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ കല്യാണപ്പേട്ട- ആലാംകടവ് റോഡില്‍ ചിറ്റൂര്‍ പുഴയ്ക്കു കുറുകെ പൂര്‍ത്തീകരിച്ച നറണിപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ പാലങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമ്മാണത്തിൽ വലിയ വികസനമാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്. 2016-ന് ശേഷം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിനായി 5,580 കോടി രൂപ ചെലവഴിച്ചു. 600 കിലോമീറ്ററോളം വരുന്ന ദേശീയപാത 66-ന്റെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഇതിനുപുറമെ മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത എന്നിവയുടെ നിർമ്മാണവും ദ്രുതഗതിയിൽ നടന്നുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

റോഡ് നവീകരണത്തിന് മാത്രമായി 35,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികൾ ഈ വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാൻ സഹായിച്ചു. അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യം 150 ലേക്ക് ഉയർത്താൻ സർക്കാരിന് സാധിച്ചു. റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ 150 ഓളം മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ പത്തെണ്ണം ഇതിനകം പൂർത്തിയായിട്ടുണ്ട്. പ്രധാന ജങ്ഷനുകളിൽ ഫ്ലൈ ഓവറുകളും ബൈപ്പാസുകളും നിർമ്മിച്ച് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി പദ്ധതി കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ നടപ്പിലാക്കിയ മാറ്റങ്ങളും ശ്രദ്ധേയമാണ്. ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ലഭ്യമായി. കഴിഞ്ഞ നാലര വർഷത്തിനിടെ 32 കോടി രൂപയാണ് റെസ്റ്റ് ഹൗസുകളിൽ നിന്ന് വരുമാനമായി ലഭിച്ചത്. കിഫ്ബി വഴി 528 പദ്ധതികൾക്കായി പൊതുമരാമത്ത് വകുപ്പിന് മാത്രം 46,145 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 10.38 കോടി രൂപ ചെലവഴിച്ചാണ് നറണിപ്പാലം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി നറണി -കല്യാണപ്പെട്ട വഴി പുതുതായി സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫ്ലാഗ് ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി , കെ രാധാകൃഷ്ണന്‍ എംപി  എന്നിവര്‍ നിര്‍വഹിച്ചു. മീനാക്ഷിപുരം - കല്യാണപ്പെട്ട - നറണി -ആലാങ്കടവ് - ചിറ്റൂര്‍ - കൊടുമ്പ് -പാലക്കാട് എന്നി വഴിയാണ് ബസ് സഞ്ചാരിക്കുക. രാവിലെ 9.50 ന് പാലക്കാട് സിവില്‍ സ്റ്റേഷന്‍ എത്തുകയും തിരിച്ച് പാലക്കാട് നിന്നും വൈകീട്ട് 5.30 ന് മീനാക്ഷിപുരത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കും.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിനു തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags