ശാസ്ത്രീയ കൃഷിരീതികളിൽ ചിറ്റൂർ മാതൃക; മന്ത്രി കെ.കൃഷ്ണൻ കുട്ടി

minister k krishnankutty

പാലക്കാട് : ശാസ്ത്രീയമായി കൃഷി ചെയ്യുന്ന പ്രദേശമായ ചിറ്റൂർ കേരളത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചിറ്റൂർ ഗവ. കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കൃഷിരീതിയായ പ്രിസിഷൻ ഫാമിങ് (Pricision faming ) കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് ചിറ്റൂരാണ്. ഇത് കാർഷിക മേഖലയിലെ മുന്നേറ്റത്തിന്റെ തെളിവാണ്.  ജില്ലയിലെ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ കാലാവസ്ഥയും മണ്ണിന്റെ ഘടനയും ജലവുമാണുള്ളത്. ഇത് തിരിച്ചറിഞ്ഞുള്ള കൃഷിരീതികൾ അവലംബിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലക്കാട് ചുരത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രകൃതിദത്തമായ പ്രത്യേകതകളും ചർച്ച ചെയ്യുന്ന 'ദി എനിഗ്മാറ്റിക് പാലക്കാട് ഗ്യാപ്' (The Enigmatic Palakkad Gap) എന്ന വിഷയത്തിലാണ് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നത്. സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റും സംയുക്തമായാണ് പരിപാടി നടത്തുന്നത്. കോളേജിലെ നാല് വേദികളിലായി പാലക്കാട് ചുരത്തിന്റെ ഭൂഗർഭശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, മണ്ണ്, കാർഷിക വൈവിധ്യം, ആയുർവേദം, ടൂറിസം സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ചർച്ചയാകുന്നത്.

ചിറ്റൂർ ഗവ കോളേജ് ഹാളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ടി.റെജി അധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്  ടെക്നോളജി ആൻഡ് എൻവിയോണ്മെന്റ് മെമ്പർ സെക്രട്ടറി എ. സാബു മുഖ്യപ്രഭാഷണം നടത്തി. ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി കൗൺസിലർ എം. രാധാകൃഷ്ണൻ, ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ കെ.എ സുരേഷ് കുമാർ, സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ജെയിൻ തോമസ്, ഐ.ക്യൂ.എ.സി കോർഡിനേറ്റർ  സുഷ ചന്ദ്രൻ, പിടിഎ സെക്രട്ടറി പി. സുരേഷ്, ഓഫീസ് പ്രതിനിധി  മഞ്ജുഷ, കോളേജ് യൂണിയൻ ചെയർപേഴ്സൺ നയന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് (ഫെബ്രുവരി 19) രാവിലെ പത്തിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ചിറ്റൂർ ഗവ കോളേജ് പ്രിൻസിപ്പൽ ടി. റെജി അധ്യക്ഷനാകും. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഡയറക്ടർ എക്സ്റ്റൻഷനുമായ ജിജു പി. അലക്സ് മുഖ്യപ്രഭാഷണം നിർവഹിക്കും. ദ്വിദിന സെമിനാറിന്റെ സമാപനം സമ്മേളനം വൈകീട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നെന്മാറ എം.എൽ.എ കെ. ബാബു, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
 

Tags