സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന് മന്ത്രി കെ എ തുളസി
പാലക്കാട് : സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ യോജിച്ച പ്രവർത്തനം നടത്തണമെന്ന് മന്ത്രി കെ എ തുളസി.ലഹരിക്കെതിരെ ശബ്ദമുയർത്തേണ്ട മുന്നണി പോരാളികളാണ് വിദ്യാർഥികൾ .ലഹരിവിപത്തിൽ വീണുപോയവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിദ്യാർഥികൾക്ക് കഴിയും . ഇക്കാര്യത്തിൽ വീടുകളിൽ നിന്നുള്ള തുടക്കം സമൂഹത്തിനു മികച്ച സന്ദേശം നൽകുമെന്നും അവർ പറഞ്ഞു .ലഹരി മുക്ത വിദ്യാലയം- വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ ഉപഭോഗം, വിപണനം എന്നിവയിൽ നിന്ന് നാടിനെ രക്ഷിക്കാൻ വിദ്യാർഥികൾ ഏക മനസോടെ പോരാടണമെന്നും മന്ത്രി പറഞ്ഞു.
പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷയായ ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അഖിൽ, പറളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു കെ ഗിരിജ, വാർഡ് മെമ്പർ കെ ജയന്തി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി റിയാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, പറളി ബ്ലോക്ക് എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ഹബീബ് റഹ്‌മാൻ, പറളി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കണ്ണൻ, പ്രിൻസിപ്പൽ ടി രതി, ഹെഡ്മിസ്ട്രസ് ടി വി ജ്യോതി, പിടിഎ പ്രസിഡന്റ് കെ സി കിഷോർകുമാർ, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ എസ് സയന, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ ആഷ്ലിൻ ഷിബു, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ മണികണ്ഠൻ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജി രാഗപ്രിയ വിഷയാവതരണം നടത്തി. വിദ്യാർഥികളും ലഹരിയോടുള്ള ആസക്തിയും എന്ന വിഷയത്തിൽ ജില്ലാ ആശുപത്രിയിലെ ദേശീയ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി എസ് ആതിര ക്ലാസെടുത്തു. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും പറളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാപ്രവർത്തകർ, ആർ ബി എസ് കെ നഴ്സുമാർ, ആർ കെ എസ് കെ കൗൺസിലർമാർ തുടങ്ങിയവർ ബോധവൽക്കരണ കലാപരിപാടികളും അരങ്ങേറി.
.jpg)

