മണലൂര്‍ ചിറതുറ കുമ്മാട്ടി ഉത്സവം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

Manalur Chirathura Kummatty Festival: Permission denied for fireworks
Manalur Chirathura Kummatty Festival: Permission denied for fireworks

പാലക്കാട് : മണലൂര്‍ ചിറതുറ ഭഗവതി കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മാര്‍ച്ച് 14 ന് രാത്രി ഏഴു മണിക്കും ഒമ്പതു മണിക്കുമിടയില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി തേടികുമ്മാട്ടി മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ അനുമതി നിഷേധിച്ചത്.

വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പെസോ (പെട്രോളിയം ആന്റ് എക്സപ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍)  അനുശാസിക്കുന്ന നിബന്ധനയ്ക്കനുസൃതമായ സംഭരണ മുറി ഇല്ല, മതിയായ രേഖകള്‍ ഹാജരാക്കിയില്ല, സ്ഫോടക വസ്തു ചട്ടം (2008) പ്രകാരം പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് നിരോധിത രാസ വസ്തുക്കളില്ലെന്ന് ഉറപ്പ് വരുത്തിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനാവശ്യമായ നിയമപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അപേക്ഷകന്‍ പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

Tags