കുടുംബശ്രീ 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി അധ്യാപക പരിശീലനത്തിന് തുടക്കമായി

google news
sh

പാലക്കാട് :  കുടുംബശ്രീ അയല്‍ക്കൂട്ട സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനും നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ഉറപ്പുവരുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന 'തിരികെ സ്‌കൂളില്‍' ക്യാമ്പയിനിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലനത്തിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. അയല്‍ക്കൂട്ട സംവിധാനങ്ങളെ കൂടുതല്‍ ചാലനാത്മകമാക്കുക, അയല്‍ക്കൂട്ട അംഗങ്ങളില്‍ കൂട്ടായ്മ ഉറപ്പിക്കുക, സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമേഖലയിലേക്ക് എത്തിക്കുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള അവധി ദിനങ്ങളില്‍  വിദ്യാലങ്ങളില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലനം സെപ്റ്റംബര്‍ 18, 19 തീയതികളില്‍ ഹോട്ടല്‍ ഗാസാലയില്‍ സംഘടിപ്പിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. 

130 അധ്യാപകര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കി. ക്യാമ്പയിനിന്റെ ഭാഗമായി പരിശീലകര്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രകാശനം ചെയ്യുകയും വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. ജില്ലാ കോര്‍ ടീം അംഗങ്ങളായ സബിത മധു, അര്‍ജുന്‍ പ്രസാദ്, അസ്മിയ, പ്രമീള, വിജയരാഘവന്‍, ശാലിനി, രജിത, സബീന, ശ്രീജി, ഫാത്തിമ, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

Tags