പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ
പാലക്കാട് : പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ. ആകെ 13,596 കണക്ഷനുകൾ ജില്ലയിൽ കെഫോൺ പൂർത്തിയാക്കിയിട്ടുണ്ട് വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി സേവനം വ്യാപിപ്പിച്ചുകൊണ്ട് കെഫോൺ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
ജില്ലയിൽ 10,534 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1,173 കുടുംബങ്ങൾക്കും 2,315-ലധികം സർക്കാർ സ്ഥാപനങ്ങൾക്കും കെഫോൺ സേവനം ലഭ്യമാക്കി. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിലൂടെ ജനപ്രീതി നേടുകയാണ് പദ്ധതി.
കണക്ടിങ്ങ് ദി അൺ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 535 ഓളം കുടുംബങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കൽ, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോൺ കണക്ഷനുകൾ ലഭ്യമാണ്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 388 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോൺ പ്ലാനുകൾ അറിയാനാവും.
.jpg)

