പാലക്കാട് ദേശീയ സരസ് മേളയിൽ വൈക്കോലിൽ വിരിയുന്ന കരവിരുതും പിച്ചളയിൽ തീർക്കുന്ന ആഭരങ്ങളുമായി ജ്യോത്സന

 West bengal stall

ചാലിശ്ശേരി: പശ്ചിമ ബംഗാളിലെ ഹുഗ്ലിയിൽ നിന്ന് പാലക്കാടൻ മണ്ണിലെത്തിയ ജ്യോത്സനയുടെ സ്റ്റാളിൽ തിരക്കൊഴിയുന്നില്ല. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ വൈക്കോലിൽ തീർത്ത അത്ഭുത ചിത്രങ്ങളും കൈകൊണ്ടുണ്ടാക്കിയ പിച്ചള ആഭരണങ്ങളുമായി സന്ദർശകരുടെ മനം കവരുകയാണ് പശ്ചിമ ബംഗാൾ സ്വദേശിനിയായ ഈ സംരംഭക . ആദ്യമായാണ് ജ്യോത്സന കേരളത്തിലെത്തുന്നത്.

tRootC1469263">

സാധാരണ വൈക്കോൽ കഷണങ്ങൾ എങ്ങനെ മനോഹരമായ ചുവർചിത്രങ്ങളായി മാറുന്നു എന്നത് സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. 'ജെ എസ് ആർട്സ് ആൻഡ് ഗ്രാഫ്റ്റ്' എന്ന ജ്യോത്സനയുടെ സ്റ്റാളിലെ പ്രധാന ആകർഷണവും ഇതുതന്നെ.നീണ്ട പ്രക്രിയയിലൂടെയാണ് ഓരോ ചിത്രവും പിറക്കുന്നത്. വൈക്കോൽ ആദ്യം വെള്ളത്തിലിട്ട് കുതിർത്ത ശേഷം പാകത്തിന് ഉണക്കിയെടുക്കുന്നു. പിന്നീട് മരത്തടികളിൽ തീർത്ത ഫ്രെയിമുകളിലേക്ക് ഇവ ഓരോന്നായി മുറിച്ചെടുത്ത് പശ ഉപയോഗിച്ച് ഒട്ടിക്കും. ഏറെ ക്ഷമയും ഏകാഗ്രതയും വേണ്ട ഈ ജോലിക്ക് മിഴിവേകാൻ ഫാബ്രിക് പെയിന്റുകളാണ് ഉപയോഗിക്കുന്നത്. 200 രൂപ മുതൽ 4000 രൂപ വരെയാണ് ഈ ചിത്രങ്ങളുടെ വില.

ചിത്രങ്ങൾക്ക് പുറമെ, സ്ത്രീകൾക്കായി ജ്യോത്സന ഒരുക്കിയിരിക്കുന്ന ആഭരണ ശേഖരവും ശ്രദ്ധേയമാണ്. തികച്ചും കൈകൊണ്ട് നിർമ്മിച്ച പിച്ചള ആഭരണങ്ങളാണ് ഇവിടെയുള്ളത്. 100 രൂപയുടെ മൂക്കുത്തി മുതൽ 2500 രൂപയുടെ നെക്ലേസ് വരെ ഈ സ്റ്റാളിലുണ്ട്. ആഭരണ നിർമ്മാണത്തിന് മെഷീനുകൾ ഉപയോഗിക്കുന്നില്ല എന്നത് ഓരോ രൂപകൽപ്പനയെയും സവിശേഷമാക്കുന്നു.തിളക്കമേറുന്ന പിച്ചള ആഭരണങ്ങൾക്ക് അതിജീവനത്തിന്റെ പന്ത്രണ്ടു വർഷമുണ്ട്.

2013-ലാണ് ജ്യോത്സനയുടെ നേതൃത്വത്തിൽ 15 അംഗങ്ങളുള്ള ഈ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമീണ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം ഇന്ന് ദേശീയ തലത്തിലുള്ള സരസ് മേളകളിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. കേരളത്തിലെ ഭക്ഷണവും ആതിഥേയത്വവും ഏറെ ഇഷ്ടപ്പെട്ടെന്ന് ജ്യോത്സന പറയുന്നു.

ബംഗാളിന്റെ കരവിരുതുമായി പശ്ചിമ ബംഗാളിൽ നിന്നെത്തിയ മറ്റൊരു ആഭരണ സ്റ്റാളും  സരസ് മേളയിലുണ്ട്. ബംഗാളിന്റെ തനത് ആഭരണങ്ങളും ബാഗുകളുമായി ജിയോരെഹത് വില്ലേജിൽ നിന്നെത്തിയ സരോധ ഘോഷിന്റെ സ്റ്റാളാണ് സന്ദർശകരുടെ മറ്റൊരു ആകർഷണം. ഹമർത്യ യൂണിറ്റിലെ അംഗമായ സരോധയ്ക്കൊപ്പം ഭർത്താവ് സിക്കന്തറും മേളയിൽ സജീവമാണ്.

കോട്ടൺ തുണികളിൽ വർണ്ണ നൂലുകൾ കോർത്തിണക്കി നെയ്തെടുത്ത ഹാൻഡ് മെയ്ഡ് ബാഗുകളാണ് ഇവിടത്തെ പ്രത്യേകത. കുടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയംപര്യാപ്തത നേടിയ സരോധ സരസ് മേളകളിലെ സ്ഥിരം സാന്നിധ്യമാണ്.വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം ഒന്നിക്കുന്ന മേളയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണെന്നതാണ് സരോദയുടെ സ്റ്റാളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 

Tags