ഹെപ്പറ്റൈറ്റീസ് - എ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Hepatitis

പാലക്കാട് : ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റീസ് - എ (മഞ്ഞപ്പിത്തം)  റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ   ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഉത്സവങ്ങൾ മറ്റ് ആഘോഷ പരിപാടികൾ എന്നിവയിലും മഞ്ഞപ്പിത്തം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി. 

tRootC1469263">

ഹെപ്പറ്റൈറ്റീസ് - എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റീസ് - എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിൻ്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാൽ മഞ്ഞനിറത്തിലുളള ബിലിറൂബിൻ്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങൾ നോക്കി ലാബ് പരിശോധനയിലൂടെയാണ് മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കുന്നത്. 

പ്രതിരോധമാർഗ്ഗങ്ങൾ

* രോഗം സ്ഥിരീകരിച്ചയാൾ / രോഗലക്ഷണങ്ങൾ ഉളളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗ പകർച്ച തടയുക. രോഗം പൂർണ്ണമായും മാറുന്നത് വരെ 2 ആഴ്ച്ചക്കാലം വിശ്രമിക്കേണ്ടതാണ്. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
* രോഗബാധിതരായവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക ,ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.
* രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണി എന്നിവ മറ്റുളളവർ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗി കൂടുതലായി ഉപയോഗിക്കുന്ന മുറികളും, പ്രതലങ്ങളും അണുനശീകരണം നടത്തേണ്ടതാണ്.
* ഛർദ്ധി ഉണ്ടെങ്കിൽ ശൗചാലയത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുക.
* മഞ്ഞപിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കാതിരിക്കുക.

* പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക.
* കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബെയിസിൻ എന്നിവിടങ്ങളിൽ ഉപേക്ഷിക്കാതെ ശൗചാലയത്തിൽ മാത്രം സംസ്ക്കരിക്കുക.
* മഞ്ഞപിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന അനുപാതത്തിൽ).

പൊതു നിർദ്ദേശങ്ങൾ

* ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻറ് കഴുകി അണുവിമുക്തമാക്കുക.
* ഭക്ഷണ പദാർത്ഥങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക.
* കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കാരുത്.
* ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്. 
* പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. സർക്കാർ അംഗീകാരമില്ലാത്ത ചികിത്സാ കേന്ദ്രങ്ങളിൽ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരിക്കാതിരിക്കുക. 
രോഗി കൂടുതൽ സമയം ചെലവഴിക്കുന്ന മുറികളിലെ പ്രതലങ്ങളിലും ടോയ്ലറ്റുകളിലും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തേണ്ടതാണ്.     
രോഗികൾ കഠിനമായ കായികപ്രവൃത്തികളിൽ ഏർപ്പെടരുത്   

Tags