അങ്കണവാടികളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണം: ഭക്ഷ്യസുരക്ഷാ കമ്മീഷന്‍

Food Security Commission
Food Security Commission

പാലക്കാട് : അങ്കണവാടികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍. സ്‌കൂളുകളില്‍ ബാക്കി വരുന്ന ഉച്ചഭക്ഷണ അരി അര്‍ഹരായ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ അരിയായി വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.  

ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും  പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാര്‍ക്കും അര്‍ഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍  സിവില്‍ സപ്ലൈസ്, പട്ടിക വര്‍ഗ്ഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

എ.ഡി.എം മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി, സീനിയര്‍ സുപ്രണ്ട്, ജില്ലയിലെ വനിതാ ശിശുവികസനം, പൊതുവിതരണം, പട്ടിക വര്‍ഗ്ഗം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ ജില്ലാ തല ഉദ്രോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി പാലക്കാട് ടൗണിലെ പാറക്കുന്ന് ഗവ.എല്‍.പി.എസില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സ്‌കൂളിലെ അടുക്കള ചിട്ടയോടെ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് പിഴവ് സംഭവിച്ചതായും കമ്മീഷന്‍ വിലയിരുത്തി. ശുചിത്വം പാലിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനും നിലവിലുളള പോരായ്മകള്‍ പരിഹരിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ക്ക് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Tags