ഓണം സ്പെഷ്യൽ ഡ്രൈവ്: പാലക്കാട് ജില്ലയിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ്
പാലക്കാട് : ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ അബ്കാരി- മയക്കുമരുന്ന് കുറ്റകൃത്യങ്ങളും അനധികൃത ലഹരി കടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റ് പരിശോധനകൾ ശക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതൽ 31 വരെ 127 അബ്കാരി കേസുകളും 50 മയക്കുമരുന്ന് കേസുകളും ഉൾപ്പെടെ 177-ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും 173 പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു.
അബ്കാരി കേസുകളിൽ നിന്നായി 524.930 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 31.700 ലിറ്റർ ചാരായം, 3046 ലിറ്റർ വാഷ്, 516.5 ലിറ്റർ കള്ള് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് പരിശോധനകളിൽ 31.907 കിലോഗ്രാം കഞ്ചാവ്, 2375 കഞ്ചാവ് ചെടികൾ, 0.565 ഗ്രാം മെത്താഫെറ്റമിൻ, 0.039 ഗ്രാം എൽ.എസ്.ഡി, രണ്ട് കഞ്ചാവ് സിഗരറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 696 കേസുകൾ കണ്ടെത്തി, 20.47 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രേഖകളില്ലാതെ കടത്തിയ 46,03,000 രൂപയും പരിശോധനയ്ക്കിടെ പിടിച്ചെടുത്തിട്ടുണ്ട്. 704 കള്ള് ഷാപ്പുകൾ, 759 കള്ള് കടത്ത് വാഹനങ്ങൾ, 25 ബാറുകൾ എന്നിവയിൽ പരിശോധന നടത്തുകയും 142 കള്ള് സാമ്പിളുകളും 10 വിദേശമദ്യ സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു.
ഡിസ്റ്റിലറികളിലും ബ്രൂവറികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആർ.പി.എഫ്, പോലീസ്, റവന്യൂ, വനം വകുപ്പുകളുമായി ചേർന്നുള്ള സംയുക്ത പരിശോധനകൾ പുരോഗമിക്കുന്നു. ചെക്ക് പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർസൽ/കൊറിയർ സർവീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും താലൂക്ക് അതിർത്തികളിൽ പ്രത്യേക പരിശോധനകളും നടത്തി. അതിർത്തി വഴിയുള്ള ലഹരി കടത്ത് തടയാൻ അന്തർസംസ്ഥാന യോഗം ചേരുകയും അഗളി, ചിറ്റൂർ മേഖലകളിൽ പ്രത്യേക റെയ്ഡുകൾ നടത്തിയതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ. സുധീർ അറിയിച്ചു.
എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ മുൻപ്രതികളെ നിരീക്ഷിക്കുകയാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഇ.ആർ നിഗേഷ് അറിയിച്ചു. ചിറ്റൂർ മേഖലയിലെ കള്ള്‌ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവരുടെ പ്രത്യേക തോപ്പ് പരിശോധനാ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം ഇന്റർ റേഞ്ച് കള്ള് ചെക്കിംഗും നടന്നുവരുന്നു. ലഹരിക്കടത്തും മറ്റ് അബ്കാരി കുറ്റകൃത്യങ്ങളും തടയുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സ്‌ട്രൈക്കിംഗ് ഫോഴ്സുകളും ഹൈവേ-ബോർഡർ പെട്രോളിംഗ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങളും പരാതികളും കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാം.
ജില്ലാതല കൺട്രോൾ റൂം: 0491-2505897, എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 0491-2526277, സർക്കിൾ ഓഫീസ്, പാലക്കാട്: 0491-2539260, 9400069430, സർക്കിൾ ഓഫീസ്, ചിറ്റൂർ: 04623-222272, 9400069610, സർക്കിൾ ഓഫീസ്, ഒറ്റപ്പാലം: 0466-2244488, 9400069616, സർക്കിൾ ഓഫീസ്, മണ്ണാർക്കാട്: 04924-225644, 9400069614, സർക്കിൾ ഓഫീസ്, ആലത്തൂർ: 04922-222474, 9400069612.
.jpg)

