പ്രവാസികൾക്കായി ചെര്‍പ്പുളശ്ശേരിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

Entrepreneurship workshop organized in Cherpulassery for expatriates
Entrepreneurship workshop organized in Cherpulassery for expatriates


പാലക്കാട് : നോർക്ക റൂട്ട്സും സെൻ്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സി.എം.ഡി) പ്രവാസികൾക്കും, തിരിച്ചെത്തിയ പ്രവാസികൾക്കുമായി പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ സ്ഥിര താമസമായവർക്ക് സ്വയംതൊഴിലും സംരംഭങ്ങളും ആരംഭിക്കാനും, നിലവിലുള്ളവ വിപലീകരിക്കാനുമുള്ള പദ്ധതി  ശില്പശാലയിൽ വിശദീകരിച്ചു. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കി. 

tRootC1469263">

ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ 85 പ്രവാസികള്‍ പങ്കെടുത്തു. സി.എം.ഡി അസോസിയേറ്റ് പ്രൊഫസർ പി. ജി അനിൽ ക്ലാസ് നയിച്ചു. നോർക്ക റൂട്സ് എറണാകുളം സെന്റർ മാനേജർ അമ്പിളി ആന്റണി  ശില്പശാല ഉദ്ഘാടനം ചെയ്തു. സി.എം.ഡി  പ്രോജക്ട് ഓഫീസർ സ്മിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സക്കീർ തയ്യിൽ, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ബഷീർ കാരൽമണ്ണ,  പ്രവാസി സംഘം പ്രതിനിധി മുകുന്ദൻ സി, പ്രവാസി ലീഗ് ജില്ലാ സെക്ടട്ടറി ബഷീർ തെക്കൻ നോര്‍ക്ക റൂട്ട്സില്‍ നിന്നും ഷിജി വി, രശ്മി കാന്ത്, സി..എം.ഡി യില്‍ നിന്നും നന്ദകുമാർ എസ്. ജെ എന്നിവർ പ്രസംഗിച്ചു. 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 
 

Tags