പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: പാലക്കാട് ഇലക്ടറൽ ഒബ്‌സർവർ സന്ദർശനം നടത്തി

palakkadvote


പാലക്കാട് : ജില്ലയിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറൽ ഒബ്‌സർവർ കെ. ബിജു  ആദ്യ സന്ദർശനം നടത്തി. ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ജില്ലയിൽ മാപ് ചെയ്യാൻ കഴിയാത്ത 1,61,661 പേരെ പരമാവധി പരിശോധിച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബൂത്ത് പുനക്രമീകരണവുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഒബ്സർവർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ ഇ.ആർ.ഒ, എ.ഇ.ആർ.ഒ എന്നിവരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗങ്ങൾ ചേരും. ബി.എൽ.ഒമാരുടെ നേതൃത്വത്തിൽ ബി.എൽ.എമാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗങ്ങൾ വിളിക്കാനും തീരുമാനിച്ചതായി ഒബ്സർവർ അറിയിച്ചു.

tRootC1469263">

അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇരട്ട വോട്ടുകൾ ഉണ്ടോ എന്ന് കർശനമായി പരിശോധിക്കാൻ ഒബ്‌സർവർ നിർദ്ദേശം നൽകി. ജീവിച്ചിരിക്കുന്നവർ മരിച്ചതായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവാഹം കഴിച്ച് എത്തിയവർ തുടങ്ങിയവരുടെ പരാതികൾക്ക് പ്രത്യേക പരിഗണന നൽകണം. വാർഡ് തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് നടത്തണമെന്നും ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്നുണ്ടെന്ന് ആർ.ഒമാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഒബ്‌സർവർ വ്യക്തമാക്കി.

പുതിയ വോട്ടർ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. ഒരു വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ബൂത്തുകളിൽ വരുന്നത് ഒഴിവാക്കാനും കൂടുതൽ ആളുകളുള്ള ചെറിയ ബൂത്തുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ പേർ ഒഴിവാക്കപ്പെട്ട ബൂത്തുകളിൽ പ്രത്യേക യോഗങ്ങൾ ചേരാനും തീരുമാനിച്ചു. എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, എ. പ്രഭാകരൻ, കെ. ബാബു, അസിസ്റ്റന്റ് കളക്ടർ രവി മീണ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ആർ.ഡി.ഒ കെ. മണികണ്ഠൻ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)എസ്. അൽഫ, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags