അശ്വമേധം 7.0 ക്യാമ്പയിൻ - കുഷ്ഠരോഗ നിർണയ ഭവനസന്ദർശന യജ്‌ഞം പാലക്കാട് ജില്ലയിൽ ആരംഭിച്ചു
പാലക്കാട് : സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'അശ്വമേധം' ക്യാമ്പയിന്റെ ഏഴാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.പി. സുമോദ് എം.എൽ.എ നിർവ്വഹിച്ചു.
കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒന്നാണെങ്കിലും അറിവില്ലായ്മയും തെറ്റിദ്ധാരണയും മൂലം രോഗബാധിതർ ഇന്നും സമൂഹത്തിൽ അവഗണന നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികൾ അതിജീവിച്ച്, സമൂഹത്തിലെ രോഗബാധിതരെ കണ്ടെത്തി അവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
tRootC1469263">ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) മേൽനോട്ടത്തിൽ ജനുവരി ഏഴ് മുതൽ 20 വരെ ജില്ലയിൽ 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന ക്യാമ്പയിൻ നടക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന തീവ്രയജ്ഞത്തിൻ്റെ
ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും ജില്ലയിലെ മുഴുവൻ വീടുകളിലുമെത്തി ത്വക്ക് പരിശോധന നടത്തും. കൂടുതൽ വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റെഫർ ചെയ്‌ത് പരിശോധനയ്ക്ക് വിധേയമാക്കും.
തരൂർ കെ.പി. കേശവമേനോൻ മെമ്മോറിയൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ അധ്യക്ഷനായി.
ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ കുഷ്ഠരോഗ ബോധവത്ക്കരണ വീഡിയോ തരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.ഗംഗാദേവി പ്രകാശനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വിഷ്‌ണു അശ്വമേധം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ലെപ്രസി ഓഫീസർ ഡോ. രാജലക്ഷ്മി അയ്യപ്പൻ വിഷയാവതരണം നടത്തി.
തരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രാജേഷ്, വാർഡ് അംഗം എസ്.രാജേഷ്,
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി. വി റോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ രജീന രാമകൃഷ്ണൻ, രജിത പി.പി, ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ മനോജ് കുമാർ പഴമ്പാലക്കോട് സി.എച്ച്.സി. ഹെൽത്ത് സൂപ്പർ വൈസർ ഷാജി എന്നിവർ സംസാരിച്ചു.
ഭവന സന്ദർശനത്തിന്റെ ഭാഗമായി എംഎൽഎ യുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ അടങ്ങുന്ന സംഘം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീടുകളിൽ സന്ദർശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങൾ ഉൾപ്പെടുന്ന ഫ്ലാഷ് കാർഡ് പ്രദർശിപ്പിച്ചു കൊണ്ട് അശ്വമേധം 7.0 ക്യാമ്പയിൻ സന്ദേശം നൽകി.
.jpg)


