പാലക്കാട് സ്‌കൂളുകളില്‍ സാമൂഹ്യവിരുദ്ധ ശല്യം : പോലീസ് കേസെടുത്തു

google news
glass

പാലക്കാട്: കൊപ്പം വിളയൂരിലെ സ്‌കൂളുകളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. വിളയൂര്‍ ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഇന്നലെ രാവിലെ സ്‌കൂളും പരിസരവും ശുചീകരിക്കാന്‍ എത്തിയ അധ്യാപകരും ജീവനക്കാരുമാണ് ജനാല ചില്ല് എറിഞ്ഞു തകര്‍ത്ത നിലയില്‍ കണ്ടത്. ക്ലാസിലും പുറത്തുമായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ചില്ലുകള്‍. ഉടന്‍ വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജയെ വിവരം അറിയിച്ചു. പ്രസിഡന്റിന്റെ പരാതിയില്‍ കൊപ്പം പോലീസ് സ്ഥലത്തെത്തി.
മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിലെ താഴെ നിലയിലെ ക്ലാസ് മുറിയുടെ ജനാല ചില്ലുകളാണ് തകര്‍ക്കപ്പെട്ടത്. ക്ലാസ് മുറിയിലും പരിസരത്തും നിറയെ കരിങ്കല്ലുകള്‍ കിടക്കുന്നുണ്ട്. മന:പൂര്‍വം ചെയ്ത അക്രമമാണെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിളയൂര്‍ സെന്ററില്‍ ബംഗ്ലാവ് കുന്നിലെ ഗവ. ഹൈസ്‌കൂളിലും സാമൂഹിക വിരുദ്ധ ശല്യമുണ്ട്. സ്‌കൂളിലെ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറി മലവിസര്‍ജനം നടത്തിയ നിലയിലാണ് കണ്ടത്. ശുചിമുറിക്ക് വേണ്ടി സ്ഥാപിച്ച റാമ്പും ഇരുമ്പിന്റെ വാതിലും തകര്‍ത്താണ് സാമൂഹിക വിരുദ്ധര്‍ അകത്ത് കയറിയത്. സ്‌കൂളിനു സമീപത്തെ അംഗന്‍വാടി കെട്ടിടത്തിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട്. അംഗന്‍വാടിയിലും പരിസരത്തും മലമൂത്ര വിസര്‍ജനം
നടത്തുന്നത് പതിവാണ്.

ദിവസവും രാവിലെ അംഗന്‍വാടി തുറക്കാന്‍ എത്തുന്ന അധ്യാപികയാണ് വൃത്തിയാക്കാറുള്ളത്. ഈ സംഘം തന്നെയാകാം ഗവ. ഹൈസ്‌കൂളിലും വൃത്തികേടാക്കിയതെന്ന് അംഗന്‍വാടി അധ്യാപിക പറഞ്ഞു. സാമൂഹിക വിരുദ്ധരുടെ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. രണ്ട് സംഭവങ്ങളിലും കൊപ്പം പോലീസ് കേസെടുത്തു.

Tags