പി അനന്തൻസ്മാരക മാധ്യമ അവാർഡ് ജസ്ന ജയരാജിന്


കണ്ണൂർ : ദേശാഭിമാനി മാനേജരും സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും ആയിരുന്ന സ. പി അനന്തൻ്റെ ഓർമയ്ക്ക് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരം ജസ്ന ജയരാജിന് . സാംസ്കാരിക - വികസനോന്മുഖ റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച ജസ്ന, ദേശാഭിമാനി കണ്ണൂർ ബ്യൂറോവിൽ സീനിയർ റിപ്പോർട്ടറാണ്.
വാർത്തകൾ കണ്ടെത്താനുള്ള സവിശേഷ അഭിരുചി, അവതരണരീതിയിലും ഭാഷാശൈലിയിലുമുള്ള മേന്മ, സാമൂഹികപ്രശ്നങ്ങളിലെ ജാഗ്രതയോടെയുള്ള ഇടപെടൽ എന്നിവ പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡ് ജസ്നയ്ക്ക് നൽകുന്നത്.
കേരളത്തിൽ ഇലക്ട്രോണിക്സ് വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ പുതിയ കാലത്തെ അതിജീവനം,ഉത്തരമലബാറിൻ്റെ സംരംഭത്വ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന മൈ സോൺ സ്റ്റാർട്ട് അപ് ഇൻക്യുബേഷൻ സെൻ്റർ, മാങ്ങാട്ടുപറമ്പ് കെൽട്രോണിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം എന്നിവയെക്കുറിച്ച് ജസ്ന ഈയിടെ തയ്യാറാക്കിയ ലേഖനപരമ്പരകൾ ശ്രദ്ധേയമായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിംഗിൽ നേരത്തേ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്.കണ്ണൂർ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം 2013 ലാണ് ദേശാഭിമാനിയിൽ ചേർന്നത്. കണ്ണൂർ മാങ്ങാട്ടെ പി ജയരാജിൻ്റെയും യും പി വി കൃഷ്ണകുമാരിയുടെയും മകളാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഭർത്താവ്. മകൻ : ഏതൻ സാൻജസ്.
പ്രശംസാപത്രവും ഉപഹാരവും 10,000 രൂപ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. പി അനന്തൻ സ്മാരകസമിതിയാണ് അവാർഡ് നൽകുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരായ കെ വി കുഞ്ഞിരാമൻ ( ചെയർമാൻ) , കെ ബാലകൃഷ്ണൻ, എഴുത്തുകാരൻ എം കെ മനോഹരൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ഫെബ്രുവരി 27 ന് പെരളശ്ശേരിയിൽ നടക്കുന്ന പി അനന്തൻ അനുസ്മരണ സമ്മേളനത്തിൽ എം വി നികേഷ് കുമാർ അവാർഡ് സമ്മാനിക്കും.