പുതു പ്രതീക്ഷകളുമായി സുബൈർ

മലപ്പുറം : കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഭിന്നശേഷിക്കാരനായ സുബൈറിന് പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു. മൂന്ന് വർഷം മുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്ഥലത്ത് പെട്ടിക്കട നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന സുബൈറിന് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് ആകെയുണ്ടായിരുന്ന വരുമാന മാർഗവും നിലച്ചത്. യൂണിവേഴ്‌സിറ്റിക്ക് വാടക നൽകി ഇവരുടെ ലൈസൻസോടെ പ്രവർത്തിച്ചിരുന്ന കട പൊളിച്ചുമാറ്റിയപ്പോൾ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അധികൃതർ പരിഗണിച്ചില്ല. തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷനിൽ പരാതി നൽകുകയും അവിടെ നിന്നും അനുകൂല വിധി ഉണ്ടാവുകയും ചെയ്തു.
ഇതനുസരിച്ച് കട ആരംഭിക്കാൻ മൂന്ന് മാസത്തിനുള്ളിൽ പുതിയ സ്ഥലം കണ്ടെത്തി നൽകാൻ യൂണിവേഴ്‌സിറ്റിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഈ വിഷയം സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്ന ഉറപ്പ് നൽകിയതല്ലാതെ ആറു മാസത്തിലേറെയായി ഈ പ്രശ്‌നത്തിൽ യാതൊരു നടപടിയുമാകാതെ വന്നതോടെയാണ് സുബൈർ കൊണ്ടോട്ടിയിൽ നടന്ന താലൂക്ക് അദാലത്തിലെത്തിയത്. സുബൈറിന്റെ പരാതി അനുഭാവപൂർവം കേട്ട മന്ത്രി വി അബ്ദുറഹിമാൻ ഉടൻ തന്നെ പ്രശ്‌ന പരിഹാരം കാണുന്നതിനും പെട്ടിക്കട തുടങ്ങുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കാനും യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് നിർദേശം നൽകി. ജന്മനാ ഭിന്നശേഷിക്കാരനായ സുബൈർ വീൽ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ചേലേമ്പ്ര പുളിയാലിലാണ് സുബൈർ താമസിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗവും ഈ കടയായിരുന്നു. അദാലത്തിലൂടെ പ്രശ്‌നം പരിഹരിക്കാനായതിന്റെ സന്തോഷത്തിലാണ് സുബൈർ കൊണ്ടോട്ടിയിൽ നിന്നും മടങ്ങിയത്.