എൻഐടിസിയിൽ വിദ്യാർഥികളുടെ ഔഷധ സസ്യത്തോട്ടം

aaa
aaa

കോഴിക്കോട്: സമഗ്രമായ ആരോഗ്യം പ്രചരിപ്പിക്കാനും പ്രകൃതിയോടൊപ്പം ആരോഗ്യം എന്ന സന്ദേശം വിദ്യാർഥികളിൽ എത്തിക്കാനും ലക്ഷ്യമിട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ക്യാമ്പസിൽ  ഔഷധത്തോട്ടം നിർമിച്ചു. നാഷണൽ സർവീസ് സ്‌കീമിലെ വിദ്യാർഥികളും ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും ചേർന്നാണ്  ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചത്.

ക്യാമ്പസിലെ മൂന്ന് സെന്റ് സ്ഥലത്ത് 10 ഇനം ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചാണ് വിദ്യാർത്ഥി സന്നദ്ധ പ്രവർത്തകർ ഔഷധത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടത്. ആയുർവേദ ദിനത്തിൽ ആരംഭിച്ചസംരംഭം ഭാവിയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്വിപുലീകരിക്കാനാണ് പദ്ധതി.പ്രകൃതിയുടെ മടിത്തട്ടിലാണ് തങ്ങളുടെ ക്യാമ്പസ് സ്ഥിതിചെയ്യുന്നതെന്നും ഈ പരിസ്ഥിതിയെ  സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.പ്രവീൺ കുമാർ ജി. പറഞ്ഞു. തങ്ങളുടെ വിദ്യാർത്ഥികൾക്ക്  പരിസ്ഥിതിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് എന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

തുളസി, മഞ്ഞൾ, കറ്റാർവാഴ, വെളുത്തുള്ളി, വേപ്പ്, അശ്വഗന്ധ,ആനന്ദാമൃത, തുളസി, നെല്ലിക്ക, പനിക്കൂർക്ക എന്നീ ഔഷധ സസ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചെടികളാണ് തുടക്കത്തിൽ തോട്ടത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്.  ജൈവവൈവിധ്യവുംപരമ്പരാഗത ചികിത്സാരീതികളും പരിപോഷിപ്പിക്കുന്നതിനാണ് വ്യത്യസ്ത ഇനത്തിൽ പെട്ട ചെടികൾ തിരഞ്ഞെടുത്തത്.ചെടികൾ നനയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചുമതല എൻ.എസ്.എസിലെ സ്റ്റുഡന്റ് വോളണ്ടിയർക്കായിരിക്കും. പരമ്പരാഗത ചികിത്സാ രീതികളെക്കുറിച്ചും ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Tags