ചെറുധാന്യങ്ങള്‍ അത്ര ചെറുതല്ല; 200 ലധികം ചെറുധാന്യ വിഭവങ്ങളുമായി എന്‍ഐഐഎസ്ടി മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍

google news
weyy


തിരുവനന്തപുരം: സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍.ഐ.ഐ.എസ്.ടി ) യിലെ  മില്ലറ്റ് ഫുഡ് ഫെസ്റ്റിവെലിലെത്തുന്നവരെ  കാത്തിരിക്കുന്നത് ചെറുധാന്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങള്‍. ചെറുധാന്യങ്ങളുടെ പൊടിയില്‍ തുടങ്ങി മൂല്യവര്‍ധിത ഉല്പന്നങ്ങളായ ലഡു, വെര്‍മിസിലി, വിവിധ തരം ബിസ്ക്കറ്റുകള്‍ വരെ നീളുന്ന വിപുലമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രമേഹ ബാധിതര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്തതും മൈദയുടെ അംശമില്ലാത്തതും കൃത്രിമ നിറങ്ങളില്ലാത്തതുമായ ജൈവ ഉല്പന്നങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്യാം.

അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തോടനുബന്ധിച്ച് പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവലും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ജൈവ ഉല്പന്നങ്ങളാല്‍ സമൃദ്ധമാണ്. 18 വരെ നീളുന്ന മില്ലറ്റ് ഫെസ്റ്റിവല്‍ രാവിലെ 10   മുതല്‍ 7 വരെ ഉണ്ടാകും.  പ്രവേശനം സൗജന്യമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്‍റ് - തഞ്ചാവൂരിലെ (എന്‍ ഐ എഫ് ടി ഇ എം-ടി) കോട്ടേജ് ലെവല്‍ ഫുഡ് പ്രോസസിംഗ് ഇന്‍കുബേഷന്‍ കം ട്രെയിനിംഗ് സെന്‍ററില്‍ നിന്ന് പരിശീലനം നേടിയ അഞ്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്റ്റാളുകള്‍ മുഖ്യ   ആകര്‍ഷണമാണ്. കെ ത്രീ ക്വാളിറ്റി ഫുഡ്, ഉഴവന്‍സ് കുക്കീസ്, സുഗ ഡയറ്റ് നാച്ചുറല്‍ ഫുഡ്സ് , ശ്രീ ലക്ഷ്യ ഫുഡ്സ്, നവീ നാച്ചുറല്‍ ഫുഡ്സ് എന്നീ സംരംഭങ്ങളുടെ വിജയകഥ കൂടി ചെറുധാന്യ വിഭവങ്ങളുടെ സ്റ്റാളുകള്‍ക്ക് പറയാനുണ്ട്.

പേള്‍ മില്ലറ്റ് (കമ്പം), ഫോക്സ്ടെയില്‍ മില്ലറ്റ് (തിന), പ്രോസോ മില്ലറ്റ് (പനിവരഗ്), ഫിംഗര്‍ മില്ലറ്റ് (പഞ്ഞപ്പുല്ല്/റാഗി), കോഡോ മില്ലറ്റ് (വരഗ്), ബര്‍നിയാര്‍ഡ് മില്ലറ്റ് (കുതിരവാലി), ലിറ്റില്‍ മില്ലറ്റ് (ചാമ) തുടങ്ങിയ ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ പല രുചിയിലും ഗുണത്തിലുമുള്ള ഭക്ഷണവിഭവങ്ങള്‍ ഈ സ്റ്റാളുകളില്‍ ലഭിക്കും.

സുഗ ഡയറ്റ് നാച്ചുറല്‍ ഫുഡ്സ് എന്ന സംരംഭകര്‍ 200 ലധികം ചെറുധാന്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ ദഹിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കുന്നതും ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുമായ അഞ്ച് തരം കുക്കീസാണ് കെ ത്രീ ക്വാളിറ്റി ഫുഡിന്‍റേതായുള്ളത്.  ചെറുധാന്യങ്ങളില്‍ നിന്നുള്ള 13 തരം ലഡു ശ്രീലക്ഷ്യ ഫുഡിന്‍റെ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ബേക്കിങ്ങ് സോഡ, ബേക്കിങ്ങ് പൗഡര്‍, കൃത്രിമ പഞ്ചസാര , അമോണിയ, മൈദ തുടങ്ങിയവ ചേര്‍ക്കാതെയുള്ള നവീ നാച്ചുറല്‍ ഫുഡ്സിന്‍റെ സ്റ്റാളിലെ ബിസ്ക്കറ്റുകളും ആകര്‍ഷകമാണ്.

ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുധാന്യങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുത്ത് ഇന്ത്യയെ ഒരു പ്രധാന ചെറുധാന്യ ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ സമ്മേളനത്തിന്‍റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്. ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനുള്ള  ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാര്‍ഷിക സംഘടന (എഫ്.എ.ഒ) 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും       സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു.

സി.എസ്.ഐ.ആറിന്‍റെ കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായി തിരുവനന്തപുരം എന്‍.ഐ.ഐ.എസ്.ടി യില്‍ നടക്കുന്ന സമ്മേളനത്തില്‍ ചെറുധാന്യങ്ങളില്‍ നിന്നുള്ള പുതിയ മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതിക വിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നുണ്ട്.

ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവയും സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

മില്ലറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ചെറുധാന്യകൃഷിയേയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളേയും കുറിച്ച് ചെറുകിട സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമായി നടന്ന അവബോധ പരിപാടിയും കര്‍ഷക-സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

Tags