പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സവിശേഷ പരിഗണന വേണം: പാലക്കാട് ജില്ലാ കലക്ടര്‍

dsh
dsh

പാലക്കാട് : പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സവിശേഷമായ പരിഗണനയും തുടര്‍ച്ചയുള്ള പ്രവര്‍ത്തനപദ്ധതികളും ഉണ്ടാകേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അഭിപ്രായപ്പെട്ടു. ഈ മേഖലയിലുള്ളവരുടെ ജീവിതാനുഭവം ഉള്‍ക്കൊണ്ടും അവരുടെ അംഗീകാരത്തോടെയുമാകണം പരിപാടികള്‍ രൂപപ്പെടുത്തേണ്ടത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിനായി ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗം സാധ്യമാക്കുന്ന പരിപാടികളുടെ രൂപീകരണത്തിനായുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തന്നെ സ്ഥായിയായ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതാണ് അഭികാമ്യമെന്നും ഇക്കാര്യത്തില്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുടേതടക്കമുള്ള ഏകോപനം അനിവാര്യവുമാണെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

tRootC1469263">


പരിപാടിയില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ പ്രൊഫ. (ഡോ.) ജെ. സുന്ദരേശന്‍ പിള്ള അധ്യക്ഷനായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും എസ്.സി ആന്‍ഡ് എസ്.ടി സെല്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. പി. ഹരിനാരായണന്‍ ആമുഖ അവതരണം നടത്തി. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, ഐ.ആര്‍.ടി.സി രജിസ്ട്രാര്‍ എ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വി.കെ. സുരേഷ് കുമാര്‍, പട്ടികജാതി മേഖലയിലെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സി.എല്‍ സ്റ്റാര്‍വിന്‍, ആരോഗ്യക്ഷേമകാര്യ മേഖലയിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ. എ.കെ അനിത എന്നിവര്‍ വിഷയാവതരണം നടത്തി.


തുടര്‍ന്ന് എസ്.സി. ആന്‍ഡ് എസ്.ടി വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗങ്ങളില്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ പ്രയോഗം, പ്രാദേശികമായ കണ്ടെത്തലുകളും നൈപുണികളും വികസിപ്പിക്കല്‍, ഉചിതമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തലും പ്രയോജനപ്പെടുത്തലും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കഴിവുകള്‍ വളര്‍ത്തല്‍, ആരോഗ്യ ശുചിത്വ താമസ സൗകര്യങ്ങളുടെ വികാസം തുടങ്ങിയ കാര്യങ്ങള്‍ വിഷയ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, ജനപ്രതിനിധികള്‍, വിവിധ സമുദായ പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags