ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുത്: വൈസ് ചാന്‍സലര്‍

sdh

കാസര്‍കോട്: ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും സുതാര്യമായ ഭരണം ഉറപ്പാക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു. കേരള കേന്ദ്ര സര്‍വ്വകലാശാല കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ, ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളില്ലാതെ സദ്ഭരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പരിശോധനയും ഹെല്‍ത്ത് മിഷന്‍ പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണ്. വലിയ പിന്തുണയാണ് മാധ്യമങ്ങള്‍ നല്‍കിയതും. ലോകത്തിന് മുന്നില്‍ നേതൃശേഷി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ജി20 അധ്യക്ഷ പദവിയിലൂടെ കൈവന്നിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. 

രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ എസ്.ബിജു, മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ. അനുരാജ്, ദ ഹിന്ദു കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ബിജു ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത് നന്ദിയും പറഞ്ഞു.

ഫോട്ടോ: കേരള കേന്ദ്ര സര്‍വ്വകലാശാല കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകണത്തോടെ സംഘടിപ്പിച്ച മാധ്യമ സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്യുന്നു
 

Share this story