പാലക്കാട് കൃഷിഭവന് മുന്നില്‍ നെല്ലുപേക്ഷിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി

google news
fj


പാലക്കാട്: നെല്ല് കൊയ്ത് ഒരു മാസമായിട്ടും സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കാവശേരി കൃഷിഭവന്‍ മുന്നില്‍ നെല്ലുപേക്ഷിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാവശേരി വേപ്പിലശേരി വേലൂര്‍ വീട്ടില്‍ കെ.വി. രാകേഷ് ആണ് കൃഷിഭവന് മുന്നില്‍ ഒരു ട്രാക്ടറോളം നെല്ല് മുന്‍വശത്തു കൂട്ടിയിട്ട് കയ്യില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. നെല്ല് സംഭരണം വൈകിയതിലുള്ള മനോവിഷമമാണ് ഇത്തരം പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചതെന്ന് രാകേഷ് പറഞ്ഞു.

കഴിഞ്ഞ 22 ദിവസമായി കൊയ്ത്തു കഴിഞ്ഞ് നെല്ല് വീട്ടില്‍ സംഭരിച്ചിരുന്നു. നെല്ല് സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമില്ലാത്തതിനാല്‍ വീടിനടുത്ത് ഷെഡ് കിട്ടിയാണ് സംഭരിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും സംഭരണം വൈകുന്നതിനെതിരെ നിരവധി തവണ കൃഷി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനാലാണ് രാജേഷ് പെട്രോളുമായി കൃഷി ഓഫീസ് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ നെല്ല് അളന്ന് എടുക്കാന്‍ മില്ലുകാര്‍ എത്തിയതോടെയാണ് യുവാവ് സമരം അവസാനിപ്പിച്ചത്.

നടപടി വൈകിയില്ലെന്ന് കൃഷി ഓഫീസര്‍ അന്‍പത് ശതമാനം കൊയ്ത്ത് കഴിഞ്ഞ പാടത്താണ് സാധാരണയായി നെല്ല് സംഭരണം ആരംഭിക്കുകയെന്നും കാവശ്ശേരി എരകുളം പാടശേഖര സമിതിയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് അന്‍പത് ശതമാനം കൊയ്ത്ത് കഴിഞ്ഞതെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാഡി ഓഫീസുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിനുള്ള നടപടികള്‍ക്കു കത്ത് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ സംഭരണം ആരംഭിക്കുമെന്നും കാവശ്ശേരി കൃഷി ഓഫീസര്‍ വി. വരുണ്‍ പറഞ്ഞു. 

ഈ പാടശേഖരത്തില്‍ 70 ഏക്കര്‍ നെല്‍കൃഷിയില്‍ 20 ഏക്കര്‍ കൃഷി വെള്ളം കൃത്യമായി എത്താത്തതു മൂലം നശിച്ചെന്നും ഇവയ്ക്ക് വിള ഇന്‍ഷുറന്‍സ് തുകയായി 3,97,000 രൂപ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് കെ.പി.എം അഗ്രോ ഫുഡ് ലിമിറ്റഡ് എന്ന മില്ലിന് ഈ പാടശേഖരത്തെ നെല്ല് സംഭരിക്കാന്‍ ശനിയാഴ്ച 12 മണിയോടെയാണ് സപ്ലൈക്കോയുടെ ഓണ്‍ലൈനില്‍ അറിയിപ്പ് ലഭിച്ചതെന്നും നെല്ല് ഗുണനിലവാരം പരിശോധിച്ച് തിങ്കളാഴ്ച മുതല്‍ സംഭരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹിമാന്‍ പറഞ്ഞു.

Tags