മുളിയാര്‍ ബഡ്സ് സ്‌കൂളിലെ കുട്ടികളോട് കൂട്ടുകൂടി മന്ത്രി ആര്‍.ബിന്ദു

കാസർഗോഡ് : ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു മുളിയാര്‍ ബഡ്സ് സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടികളോട് കൂട്ടുകൂടി. പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ആവശ്യങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ കുട്ടികളെ ബഡ്സ് സ്‌കൂളിലെത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ ആവശ്യമായ സ്പീച്ച്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുമാരുടെ സേവനം പരിഗണിച്ചിട്ടുണ്ടെന്നും ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ജൂണ്‍ മാസത്തില്‍ സേവനം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ബഡ്സ് സ്‌കൂളിലെത്തിയ മന്ത്രിക്ക് പാട്ടുപാടിയും കൂട്ടുകൂടിയും മികച്ച സ്വീകരണമാണ് കുട്ടികള്‍ നല്‍കിയത്. അഷറഫ്, റുഫീന, റഹിയാന എന്നിവര്‍ താളം പിടിച്ച് പാട്ട് പാടിയപ്പോള്‍ മന്ത്രി കുട്ടികളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, സാമൂഹിക നീതി ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ, കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എ.ഷിബു, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.