കാസർഗോഡ് ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലും എം.സി.ആര്‍.സികളിലും ഹോട്ടികള്‍ച്ചറല്‍ തെറാപ്പി അടക്കമുള്ളവ ലഭ്യമാക്കുകയാണ് ലക്ഷ്യം; മന്ത്രി ഡോ.ആര്‍.ബിന്ദു

google news
gfj


കാസർഗോഡ് :  ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലും എം.സി.ആര്‍.സികളിലും ഹോട്ടികള്‍ച്ചറല്‍ തെറാപ്പി അടക്കമുള്ളവ ലഭ്യമാക്കുക എന്നത് സാമൂഹിക നീതി വകുപ്പിന്റെ ലക്ഷ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി പദ്ധതിയുടെ പ്രഖ്യാപനവും തെറാപ്പി ഫെസിലിറ്റേറ്റര്‍ സംസ്ഥാന തല പരിശീലനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യത്യസ്തമായ ഒരു തെറാപ്പിയാണ് ഇവിടെ പരീക്ഷിക്കുന്നത്. ഫിസിയോതെറാപ്പി, അക്വാ തെറാപ്പി തുടങ്ങിയവയ്ക്ക് സമാനമായ ഒന്നാണ് ഇതും.

എന്‍ഡോസള്‍ഫാന്‍ മേഖലയായ കാസര്‍കോട് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുക എന്നത് സാമൂഹിക വകുപ്പിന്റെ ലക്ഷ്യമാണ്. കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹകരണത്തോടു കൂടി സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ഇതു പോലെ ഒരു ഗാര്‍ഡന്‍ തയ്യാറാക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഓരോ ഭിന്നശേഷി കുട്ടികളുടെയും അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് ആ കഴിവുകളെ വളര്‍ത്തിയെടുക്കുക എന്നതാണ് സാമൂഹിക നീതി വകുപ്പ് ഇത്തരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 27.5 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. 

ചെടികളുടെ പരിചരണത്തിലൂടെ അവരുടെ മനസ്സും മസ്തിഷ്‌കവും കൂടുതല്‍ പ്രചോദിപ്പിക്കാന്‍ കഴിയും. ഭിന്നശേഷി കുട്ടികളുടെ പഠനകേന്ദ്രങ്ങള്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഭിന്നശേഷി കുട്ടികള്‍ക്കായി തൊഴില്‍ ലഭ്യമാക്കുക എന്നതും വകുപ്പിന്റെ ലക്ഷ്യമാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇവിടെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് ഡീന്‍ ഡോ.സജിത റാണി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സയന്‍സ് ഡോ.ജി.കെ.ബേല പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷിബു സ്വാഗതവും എസ്.ഐ.ഡി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്.സഹീറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Tags