മലപ്പുറം ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് നൽകുന്ന ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്കായി പവര്‍ ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്തു. വീല്‍ ചെയര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ച് പ്രസിഡന്റ് എം. കെ. റഫീഖ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു.
ശരീരം അരക്കു താഴെ തളര്‍ന്നവരും കാലുകള്‍ക്ക് അവശത ബാധിച്ചവരുമായ ഭിന്ന ശേഷിക്കാര്‍ക്കാണ് ഇലക്ട്രിക് വീല്‍ ചെയറുകള്‍ നല്‍കിയത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 400 ല്‍ പരം ഗുണഭോക്താക്കള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും തെരെഞ്ഞെടുത്ത 60 പേര്‍ക്കാണ് നടപ്പ് സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപ ചെലഴിച്ച് പവര്‍ ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ 28 പേര്‍ക്കുള്ള പവര്‍ ഇലക്ട്രിക്കല്‍ വീല്‍ ചെയറുകളാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോസഫ് റിബെല്ലോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സറീന ഹസീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, ബഷീര്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി മനാഫ്, എ.കെ സുബൈര്‍, കെ.ടി അജ്മല്‍, അഡ്വ. പി.പി മോഹന്‍ദാസ്, എ.പി ഉണ്ണികൃഷ്ണന്‍, വി.കെ.എം ഷാഫി, ടി.പി ഹാരിസ്, പി.കെ.സി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ കരീം സ്വാഗതവും സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.