ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ കാറഡുക്കയുടെ സേന തയ്യാര്‍

google news
dddd

കാസർഗോഡ് : നാടിന്റെ ഏത് അടിയന്തിരസാഹചര്യം  നേരിടാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും  കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേന സജ്ജമായി.  42 പേരടങ്ങുന്ന ടീമിന് ഘട്ടം ഘട്ടങ്ങളായി പരിശീലനം നല്‍കിവരികയായിരുന്നു. മൂന്നു ക്യാമ്പുകള്‍ ഇതിനായി സംഘടിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ, ദുരന്ത മേഖലയിലെ ഇടപെടല്‍, ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇവര്‍ പരിശീലനം നേടി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളില്‍ ദുരന്തമോ കാലാവര്‍ഷക്കെടുതിയോ ഉണ്ടായാല്‍ സേനയുടെ സേവനം ലഭിക്കും.

2018 ലെ പ്രളയത്തോടനുബന്ധിച്ച് ത്രിതല പഞ്ചായത്തുകള്‍ ദുരന്ത നിവാരണ സേനയുണ്ടാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേന സജ്ജമാക്കിയത്. സംസ്ഥാനത്താദ്യമായി പാസിംഗ് ഔട്ട് ചെയ്ത സേന കാറഡുക്കയുടേതാണ്. ദുരന്തമേഖലയില്‍ ഇടപെടാന്‍ ഉതകുന്ന രീതിയിലുള്ള യൂണിഫോം, വാഹനങ്ങള്‍ എന്നിവയും സേനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിരമിച്ച എസ്.ഐ സി.കെ.ബാലകൃഷ്ണനാണ് ക്യാപ്റ്റനായി പ്രവര്‍ത്തിക്കുന്നത്. ബ്ലോക്കിന്റെ വിവിധ മേഖലകളില്‍ നിന്നാണ് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലീസ്, അഗ്നിശമന സേനാവിഭാഗം, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.  എല്ലാ പ്രായത്തിലുമുള്ളവര്‍ സേനയിലുണ്ട്. തികച്ചും സൗജന്യമായ സേവനമാണ് വളണ്ടിയര്‍മാര്‍ നാടിന് നല്‍കുന്നത്.

സേനയുടെ പരേഡിന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു എന്നിവര്‍ അഭിവാദ്യങ്ങള്‍ നല്‍കി. എം.എല്‍.എ സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന പരിപാടി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.സവിത, ജോയിന്റ് ബി.ഡി.ഒ  എം.സജീറ, സേനാ ക്യാപ്റ്റന്‍ റിട്ട. എസ്.ഐ.സി കെ.ബാലകൃഷ്ണന്‍, എക്സ്റ്റന്‍ഷന്‍ ഓഫീര്‍മാരായ എം.ഹരിഹരന്‍, എന്‍.വി.രവികുമാര്‍, വി.ഇ.ഒ ജിനേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.മൃദുല സ്വാഗതവും സേനാംഗം സുരേഷ് നന്ദിയും പറഞ്ഞു.

Tags