വെണ്മണിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

fgewdg

മാനന്തവാടി: തലപ്പുഴ വെണ്മണി ചുള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിലാണ് ബുധനാഴ്ച വൈകീട്ട് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പ് ജീവനക്കാരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ലീലമ്മയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിനാണ് വീട്ടമ്മയെ കാണാതായത്. മരുന്നുവാങ്ങണമെന്നറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.

തിരിച്ചെത്താത്തതിനെ തുടർന്ന് ഇത് സംബന്ധിച്ച് അന്നേദിവസം വൈകീട്ട് ബന്ധുക്കൾ തലപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുൽത്താൻ ബത്തേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ ഇവര്‍ യാത്ര ചെയ്തതായി പിന്നീട് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കണ്ണൂർ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിൻ്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്ന് കിട്ടുകയും ചെയ്തു. അവിടെ നിന്നും നരിക്കോട്ട് മലയിലേക്ക് പോകുന്ന വനത്തിലെ വഴിയില്‍ വെച്ച് വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതായി അറിയിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും, ബന്ധുക്കളും ഈ ഭാഗത്ത് പലതവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച പന്നിയോട് വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് ഭർത്താവ്: പരേതനായ ജോർജ്, മക്കൾ:പ്രിൻസി, റിൻസി, അക്ഷയ്.
 

Share this story