സി.എസ്.ബി. ബാങ്കിൽ കൂട്ട പിരിച്ചു വിടൽ: പ്രതിഷേധ ധർണ്ണ നടത്തി

dsh


കണ്ണൂർ: പാസ്സ്‌വേർഡ് ഷെയറിങ് ആരോപിച്ച് 40 ഓളം സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാനുള്ള സി.എസ്.ബി.ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാനേജ്മെന്റിന്റെ  ഉത്തരവിനെതിരെ സി.എസ്.ബി. ബാങ്ക് കണ്ണൂർ മെയിൻ ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്തു. വിദേശ മൂലധനം വന്നതിന് ശേഷം ഓഫീസർമാരുടെ പെൻഷൻ പ്രായം കുറച്ചും നിരവധി അന്യായമായ ശിക്ഷാ നടപടികൾ സ്വീകരിച്ചും ബാങ്കിനകത്തെ സ്ഥിരം ജീവനക്കാരെ  പുറത്താക്കുകയാണ് ബാങ്ക് മാനേജ്മെൻ്റ് ചെയ്ത് വരുന്നത്. 

പകരം നാമമാത്രമായ വേതനം നൽകി  താൽക്കാലിക കരാർ ജീവനക്കാരെ നിയമിച്ച് കൊണ്ടാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഇത് ഇടപാടുകാർക്ക് തടസ്സമാകുന്നുണ്ട്. വിദേശ ബാങ്ക് ആയതോടുകൂടി കേരളത്തിൽ നിന്നും സ്വീകരിക്കുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് പുറത്ത് വിവിധ കോർപ്പറേറ്റ് വായ്പകൾ ആയി നൽകിവരുകയാണ് ചെയ്യുന്നത്. 

സാധാരണക്കാരന് ആവശ്യമായ യാതൊരു ചെറുകിട വായ്പയും ഈ ബാങ്ക് നൽകുന്നില്ല എന്ന് മാത്രമല്ല വിവിധ ഇനങ്ങളിൽ സർവീസ് ചാർജ് വർദ്ധിപ്പിച്ചു ബാങ്കിടപാടുകാരെ കൊള്ളയടിക്കുകയും ചെയ്യുന്നു. 2017 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇതു വരെ ജീവനക്കാർക്ക് നൽകിയിട്ടില്ല. ഇതിനെതിരെ പ്രതികരിക്കുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് ട്രേഡ് യൂണിയൻ പ്രവർത്തനം ഇല്ലാതാക്കാമെന്നാണ് ബാങ്ക് മാനേജ്മെൻ്റ് കരുതുന്നത്.

 ജീവനക്കാർക്ക് നേരെ കൊണ്ടുവന്ന പുറത്താക്കൽ ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ബാങ്കിംഗ് മേഖലയിലെ മുഴുവൻ സംഘടനകളുടെയും സമരസഹായ സമിതിയുടെയും നേതൃത്വത്തിൽ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ ഐക്യവേദി തീരുമാനിച്ചിട്ടുള്ളത്.

ബെഫി ജില്ലാ പ്രസിഡൻ്റ് സി.പി. സൗന്ദർ രാജിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ ബെഫി ജില്ലാ സെക്രട്ടറി പി.രാജേഷ്, ടി.ആർ.രാജൻ, എൻ.ടി. സാജു, കെ.പി.സജിത്ത്, കെ.ജയപ്രകാശ്, പി.ഗീത തുടങ്ങിയവർ സംസാരിച്ചു.

Share this story