ക്ലീന്‍ ബേഡകം ഗ്രീന്‍ ബേഡകം- വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്

google news
ssss

കാസർഗോഡ് : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഹരിത കര്‍മ്മസേന, കുടുംബശ്രീ, ബാലസഭ കുട്ടികള്‍, ക്ലബ്ബ് വായന പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവര്‍ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്തില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിനായി രാത്രി കാല സ്‌ക്വാഡുകള്‍ നിയോഗിച്ചിട്ടുണ്ട്. ബേഡഡുക്കയെ മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി ഡി.പി.സി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വസന്തകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എ.മാധവന്‍, സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി, സെക്രട്ടറി എസ്.എസ്.സജ്ജാസ,് ആസൂത്രണ സമിതി അംഗം എം.അനന്തന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ലോഹിതാക്ഷന്‍ പെരിങ്ങാനം, ജയപുരം ദാമോദരന്‍, രാധാകൃഷ്ണന്‍ പേരിപാടി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ ശുചിത്വം നിലനിര്‍ത്തുന്നതിന് എല്ലാ ജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. എല്ലാ വീടുകളിലും ശുചിത്വം ഉറപ്പ് വരുത്തും. സ്വകാര്യ ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും 25 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പൊതു പരിപാടികളിലും ഉത്സവ ആഘോഷങ്ങളിലും, കല്യാണം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ ഭക്ഷണം വിളമ്പുന്ന എല്ലാ പരിപാടികളും ഗ്രാമപഞ്ചായത്തില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും സെക്രട്ടറി  അറിയിച്ചു.

Tags