ബ്രഹ്മപുരം സി.പി.എം. തസ്‌കരസംഘം സുരേഷ്‌ഗോപിയുടെ ചാരിറ്റി സ്വന്തം പണം ചെലവിട്ട്: കെ. സുരേന്ദ്രന്‍

ksurendran

തൃശൂര്‍: സുരേഷ്‌ഗോപി ചാരിറ്റി നടത്തുന്നത് സ്വന്തം അധ്വാനത്തില്‍ നിന്നുള്ള പണം കൊണ്ടാണെന്നും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇക്കാര്യത്തില്‍ അപവാദപ്രചാരണമാണ് നടത്തുന്നതെന്നും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജാതി, മതം, മണ്ഡലം ഇവയൊന്നും നോക്കിയല്ല ചാരിറ്റി. സുരേഷ്‌ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താനാണ് ഗോവിന്ദന്‍ ശ്രമിച്ചത്. പാവപ്പെട്ടവരുടെ വീട് വെക്കാനുള്ള പണം കൊള്ളയടിക്കുന്ന തസ്‌കരസംഘമാണ് ഗോവിന്ദന്റെ പാര്‍ട്ടിക്കാര്‍. ഇവര്‍ അഞ്ചുപൈസയുടെ സഹായം ആര്‍ക്കെങ്കിലും ഇതുവരെ നല്‍കിയിട്ടുണ്ടോ? ഇക്കൂട്ടര്‍ എന്തിനാണ് സുരേഷ്‌ഗോപിയുടെ കാരുണ്യപ്രവര്‍ത്തനത്തില്‍ ഇത്രയധികം വേവലാതിപ്പെടുന്നതെന്നും ചോദിച്ചു. ഇതൊക്കെ അറിഞ്ഞ് ജനം ശരിയായി പ്രതികരിക്കും. ഗോവിന്ദന്റെ ആക്ഷേപത്തിനുള്ള മറുപടിയാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം തൃശൂരില്‍ നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയാണെന്ന് സുരേഷ്‌ഗോപി പറഞ്ഞിട്ടില്ലെന്നു സുരേന്ദ്രന്‍ പ്രതികരിച്ചു. തൃശൂരിന് അമിത്ഷാ പ്രാധാന്യം കൊടുക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കും ബി.ജെ.പി.യോടു വിരോധമില്ല എന്ന അവസ്ഥയാണുള്ളത്. സുരേഷ്‌ഗോപി സംഘടനയുടെ പ്രധാനിയാണ്. പുതുമുഖങ്ങള്‍ പാര്‍ട്ടിയിലേക്കു വരട്ടെ. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുയാണെന്നും വിവരിച്ചു. പി.ടി.ഉഷ ഉള്‍പ്പെടെ പുതിയതായി പലരും പാര്‍ട്ടിയിലേക്ക് എത്തി. എല്ലായിടത്തും പ്രധാനമന്ത്രി മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി. വോട്ടു തേടുകയെന്നും അറിയിച്ചു. അതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.
 

Share this story