കാസര്‍കോട് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം നടന്നു

trdszxfghj

കാസര്‍കോട് ജില്ല ബാങ്കിംഗ് മേഖലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം വായ്പ നിക്ഷേപാനുപാതത്തില്‍ 81.35 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം വിലയിരുത്തി. പ്രാഥമിക മേഖലയില്‍ 94 ശതമാനമാണ് ലക്ഷ്യം നേടിയത്. ആകെ ബാങ്കിംഗ് മേഖലയില്‍ ലക്ഷ്യമിട്ട 3786300000 രൂപയില്‍ 3560404400 രൂപയുടെ ലക്ഷ്യം കൈവരിച്ചു. കാര്‍ഷിക വായ്പാ മേഖലയിലാണ് കൂടുതല്‍ ലക്ഷ്യം നേടിയത്. ദ്വിതീയ മേഖലയില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ 73 ശതമാനമാണ് മൂന്നാം സാമ്പത്തികപാദ വര്‍ഷത്തില്‍ കൈവരിച്ച നേട്ടം. 1037350000 രൂപ ലക്ഷ്യമിട്ടതില്‍ 756956700 രൂപയാണ് നേടിയത്. വിദ്യാഭ്യാസ വായ്പ, ഭവന വായ്പ ഉള്‍പ്പെടുന്ന ത്രിതീയ മേഖലയില്‍ 22 ശതമാനമാണ് ലക്ഷ്യം നേടിയത്. 1116500000 രൂപ ലക്ഷ്യമിട്ടതില്‍ 245332300 രൂപയുടെ പുരോഗതിയാണ് കൈവരിച്ചത്. മുന്‍ഗണനാ വിഭാഗത്തില്‍ 77 ശതമാനവും മുന്‍ഗണനേതര വിഭാഗത്തില്‍ 67 ശതമാന വുമാണ് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദവാര്‍ഷികത്തില്‍ ജില്ലയില്‍ ബാങ്കിംഗ് മേഖലയിലെ പുരോഗതി. ആകെ 74 ശതമാനമാണ് ലക്ഷ്യം നേടിയത്.

കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.വി.ബിമല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാനറ ബാങ്ക് അസി. ജനറല്‍ മാനേജര്‍ ശശിധര്‍ ആചാര്യ മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് അസി. ജനറല്‍ മാനേജര്‍ പ്രദീപ് മാധവ് അവലോകനം ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്‍ ജില്ലയിലെ ബാങ്കിംഗ് സുരക്ഷ പ്രാധാന്യം വിശദീകരിച്ചു. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍ കെ.ബി.ദിവ്യ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ പങ്കെടുത്തു. എന്‍.വി.ബിമല്‍ സ്വാഗതവും ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ സി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

വായ്പാ തിരിച്ചടവിന് സാധിക്കാതെ നിരവധി സാധാരണ കുടുംബങ്ങള്‍ റവന്യു റിക്കവറി നടപടി നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സാക്ഷരത നല്‍കി ജനങ്ങളെ ബാധവത്ക്കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. സാമ്പത്തിക സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതികളെ കുറിച്ച് വ്യാപകമായ ബോധവത്ക്കരണം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ് ഉള്‍പ്പടെ ബാങ്കിംഗ് മേഖല കൈവരിച്ച നേട്ടത്തെ കളക്ടര്‍ ജില്ലാ ബാങ്കിംഗ് അവലോകനയോഗത്തില്‍ കളക്ടര്‍ അഭിനന്ദിച്ചു.

Share this story