പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതി പിടിയിൽ

എറണാകുളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതി പിടിയിൽ . കണ്ണൂര്‍ സിറ്റി, നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ മുഹമ്മദ് അജ്മലി (45) നെയാണ് പോലീസ് പിടികൂടിയത്.പ്രണയം നടിച്ച് വശത്താക്കിയ ശേഷം ഭീഷണിപ്പെടുത്തി നാലു ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും കൈവശപ്പെടുത്തിയ ശേഷം മുങ്ങിയെന്നാണ് കേസ്.
പെണ്‍കുട്ടി പത്തില്‍ പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം നല്‍കി. പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കി. ഇതിനുശേഷം പെണ്‍കുട്ടിയില്‍ നിന്നും തന്ത്രപൂര്‍വം അകന്നു.
മത്സ്യവ്യാപാരിയായ പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളോട് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.