നിർമലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയിലൂടെ മാലിന്യസംസ്‌കരണം ശാസ്ത്രീയവും ജനകീയവുമാകുന്നു : മന്ത്രി പി സി വിഷ്ണുനാഥ്

Actresses accepted in Hema Committee report will be examined: P.C. Vishnunath

കൊല്ലം : സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശാസ്ത്രീയവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും 'നിർമലം പുതുയുഗ ശുചിത്വ കേരളം' പദ്ധതി ഈ ലക്ഷ്യത്തിന് പുത്തനുണർവ് പകരുകയാണെന്നും ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ  കുണ്ടറ നിയോജകമണ്ഡലതല ഏകോപന സമിതി രൂപീകരണ യോഗത്തിൽ  സംസാരിക്കുകയായിരുന്നു   അദ്ദേഹം. 

പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടാണ് ലക്ഷ്യത്തിലേക്ക് എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം നിരവധി സഞ്ചാരികൾ എത്തുന്ന ജഡായുപ്പാറ പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യപ്രശ്‌നം വലിയ വെല്ലുവിളിയാണെന്നും സഞ്ചാരികളുടെ എണ്ണം കൂടുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വഴിയരികിൽ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും മന്ത്രി ഓർമിപ്പിച്ചു. അഷ്ടമുടിക്കായലിലും സമാനമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സബ്‌സിഡി അടക്കം ഉപയോഗപ്പെടുത്തി വീടുകളിൽ തന്നെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാൻ കഴിയണം. മാലിന്യ സംസ്‌കരണ പ്ലാന്റുകളും പൊതുശ്മശാനങ്ങളും സ്ഥാപിക്കാൻ പൊതുവായ ആവശ്യം ഉന്നയിക്കുമെങ്കിലും സ്വന്തം വാർഡിൽ വേണ്ടെന്ന നിലപാട് മാറണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് ഡയറക്ടർ എസ് സുനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി ദേവി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി അജിത് കുമാർ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി സത്യദേവൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി വിനോദ് കുമാർ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബീന, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്മാൻ, ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ  തുടങ്ങിയവർ പങ്കെടുത്തു.

Tags