സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി : ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും

കാസർഗോഡ് : പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി. കാസര്‍കോട് അണങ്കൂരില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 18) രാവിലെ ഒമ്പതിന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് റൂം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി.പ്രിയങ്ക, സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ ബി. കരുണാകരന്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് അസി. കളക്ടര്‍ മിഥുന്‍ പ്രേംരാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും പരിപാടിയില്‍ പങ്കെടുക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന സ്വാഗതവും ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി.ജ്യോതി നന്ദിയും പറയും.
സംസ്ഥാനത്ത് വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ആദ്യമായിട്ടാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിനു വേണ്ടി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് അണങ്കൂരില്‍ 61.23 ലക്ഷം ചിലവഴിച്ചാണ് ഇരു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍.
2020 ഓഗസ്റ്റ് 17 നു മുന്‍ മന്ത്രി കെ.കെ.ശൈലജയാണ് കെട്ടിടത്തിനു തറക്കല്ലിട്ടത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത്. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് 5 ദിവസം വരെ ഇവിടെ താമസിക്കാം. കളക്ടര്‍ അധ്യക്ഷനായ സമിതി ആണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2019ലാണ് സെന്റര്‍ സ്‌കീം പ്രവര്‍ത്തനം തുടങ്ങിയത്.