ആയുർവേദ ഗവേഷണം ശക്തിപ്പെടുത്തണം: മന്ത്രി ഷിബു ബേബി ജോൺ

ShibuBabyJohn

കൊല്ലം :  ഗോത്ര അറിവുകളും  പരമ്പരാഗത സങ്കേത ങ്ങളും കൂട്ടിയിണക്കി ആയുർവേദ ഗവേഷണം ശക്തിപ്പെടുത്തണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോൺ. ആയുർവേദത്തിന്റെ വളർച്ച വേഗത്തിലാക്കുന്നതിൽ  കേരളം കുറ്റകരമായ അനാസ്ഥ കാണിച്ചോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ  ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷൻ കേരളവും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പതിനൊന്നാമത് ആയുർവേദ ദിനാഘോഷം 'പ്രജ്വല 2026'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ അനുഭവത്തിൽ ആയുർവേദ, ഹോമിയോ ചികിത്സകൾ ഫലപ്രദമായതിനെക്കുറിച്ചുള്ള ഓർമകളും മന്ത്രി പങ്കുവച്ചു.

നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണ് ആയുർവേദമെന്നും അത് മികച്ച രീതിയിൽ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ എ കെ ഹഫീസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി വിശിഷ്ടാതിഥിയായ ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി ജെ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഷീജ എ എൽ, ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബോബി എം ഐ തുടങ്ങിയവരും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു.

‘ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം' എന്ന സന്ദേശവുമായി സെപ്റ്റംബർ 23ന് ആരംഭിച്ച ആയുർവേദ ദിനാഘോഷത്തിന്റെ  സമാപനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസുകളും ശാസ്ത്ര സെമിനാറുകളും സംഘടിപ്പിച്ചു. കോട്ടക്കൽ വൈദ്യരത്‌നം പി എസ് വാര്യർ ആയുർവേദ കോളേജ് പ്രൊഫസർ ഡോ ദിനേശ് കെ എസും പാലാ സെന്റ് തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം രതീഷും വിവിധ സെഷനുകൾ നയിച്ചു. ആയുഷ് സ്ഥാപനങ്ങളുടെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അനുമോദനവും  പുരസ്‌കാര വിതരണവും നടന്നു.

Tags