പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി: മന്ത്രി രമേശ് ചെന്നിത്തല

ramesh chennithala

തൃശ്ശൂർ :കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ച ക്വാർട്ടേഴ്സ് സമുച്ചയത്തിന്റെയും പുതിയ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ വാൻ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയ മന്ത്രി, ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന പോലീസിന് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയെ വേരറുക്കാൻ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലോകരാജ്യങ്ങളിൽ പോലും ചർച്ചയാവുകയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടാനും 16,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യാനും സാധിച്ചു. പ്രതികൾക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുവകകൾ കണ്ടുകെട്ടുകയും ഉൾപ്പെടെയുള്ള കർശന നടപടികളുമായി രാഷ്ട്രീയമോ മതമോ നോക്കാതെയും യാതൊരു ശുപാർശകൾക്കും വഴങ്ങാതെയും പോലീസ് മുന്നോട്ടുപോവുകയാണ്. സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിടുന്ന ലഹരി സംഘങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അമ്മമാരുടെയും പൊതുജനങ്ങളുടെയും വലിയ പിന്തുണയുണ്ടെന്നും ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേഷന്റെ ശേഷിക്കുന്ന ക്വാർട്ടേഴ്സുകളുടെ നിർമ്മാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്നും പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പണികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കെ.പി.എച്ച്.സി.സി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

1989 മുതൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷനായി 17,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് 2.76 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിനുപുറമെ, നിർമ്മാണ പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിരുന്നു.

തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ, കൗൺസിലർ പൂർണ്ണിമ സുരേഷ് എന്നിവർ പങ്കെടുത്തു. സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് സ്വാഗതവും തൃശ്ശൂർ സബ് ഡിവിഷൻ എ.സി.പി രാജേഷ് ടി.ആർ നന്ദിയും പറഞ്ഞു.

Tags