പുതിയ കായിക നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട് : സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനും കായികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ പുതിയ കായിക നിയമം തയ്യാറാക്കിവരികയാണെന്നും അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കായിക മേളയായ സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം പ്രധാനവേദിയായ കോഴിക്കോട് ചാത്തമംഗലം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയം കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിലൂടെ സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറയെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയകൾക്കെതിരായ പോരാട്ടത്തിൽ കായിക-കലാ രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളുടെ ഊർജവും കഴിവുകളും ക്രിയാത്മകമായി വിനിയോഗിക്കാൻ കായികരംഗത്തിന് കഴിയണം. ഇതിന് അനുയോജ്യമായ കായികനയവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
മഴയുടെ ഭീഷണിയുണ്ടായിരുന്നിട്ടും യാതൊരു തടസ്സവുമില്ലാതെ മേള വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ മന്ത്രിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അധ്യാപക സംഘടനകൾ ഉൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് പതിനായിരത്തോളം കായികതാരങ്ങൾ ഏഴു ദിനരാത്രങ്ങളിലായി പങ്കെടുത്ത കായികമേള ചരിത്രവിജയമായത്. ഗ്രാമീണ മേഖലയിലെ സ്‌കൂളുകളിൽനിന്നുൾപ്പെടെ പുതിയ കായിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച പരിശീലനവും അവസരങ്ങളും ഒരുക്കാനും കഴിയണം. പി.ടി. ഉഷ, അഞ്ജു ബോബി ജോർജ് തുടങ്ങിയ ദേശീയ, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന് അഭിമാനമായി മാറിയ നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. മൈതാനങ്ങളില്ലാത്ത സ്‌കൂളുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഓരോ പഞ്ചായത്തിലും സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനും നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കേരള പോലീസും പൊതുവിദ്യാഭ്യാസ വകുപ്പും ലഹരിക്കെതിരെ സംയുക്തമായി നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാൻ' വലിയ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇടപെടലുകളും പരിശ്രമങ്ങളും നിർണായകമായി. ലോകകപ്പ് ഫുട്‌ബോൾ സമയത്ത് 'വൺ മില്യൺ ഗോൾസ്' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനത്തിലൂടെ സ്‌കൂളുകൾക്ക് അഞ്ച് മില്യൺ ഗോളുകൾ നേടാനായത് കായികരംഗത്തെ വലിയ നേട്ടമാണ്. കുട്ടികളിൽ ഫുട്‌ബോളിനോടും കായിക വിനോദങ്ങളോടും താൽപര്യം വളർത്താൻ ഈ സംരംഭത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതിനേക്കാൾ പ്രാധാന്യം കായികമേളയിലെ പങ്കാളിത്തമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
.jpg)

