അഴിമതിക്കെതിരെ സധൈര്യം വിസിൽ മുഴക്കണം: മന്ത്രി രമേശ് ചെന്നിത്തല

ramesh chennithala

കോഴിക്കോട് : അഴിമതിക്കെതിരെ സധൈര്യം വിസിൽ മുഴക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച 'പ്രോജക്ട് സീറോ' വിജിലൻസ് കമാൻഡോ പദ്ധതിയുടെ കോഴിക്കോട് റേഞ്ച്തല ഉദ്ഘാടനം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ക്യാമ്പസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നിന്ന് അഴിമതി പൂർണ്ണമായി തുടച്ചുനീക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും, അതിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് 'പ്രോജക്ട് സീറോ' പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ ലഭിക്കാൻ പണം നൽകണമെന്ന ജനങ്ങൾക്കിടയിലുള്ള തെറ്റായ ചിന്താഗതിക്ക് മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും, അത് നേടിയെടുക്കാൻ കൈക്കൂലി നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാൻ യുവതലമുറയുൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയോടനുബന്ധിച്ചുള്ള ക്യാമ്പയിൻ ബാഡ്ജ് വിതരണവും വീഡിയോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. സദസ്സിന് അഴിമതിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ, സിനിമാതാരം നീരജ് മാധവ് എന്നിവർ മുഖ്യാതിഥികളായി. ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, എസ്.പിമാരായ സി.എം. ദേവദാസ്, ബാലകൃഷ്ണൻ നായർ, ജെ.ഡി.ടി ഇസ്ലാം ഓർഫണേജ് ആൻഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻസ് പ്രസിഡന്റ് ഡോ. പി.സി. അൻവർ, സെക്രട്ടറി സി.എ. ഹാരിഫ് തുടങ്ങിയവർ പങ്കെടുത്തു.

അഴിമതിക്കെതിരെ യുവതലമുറയെ സജ്ജരാക്കുന്നതിന്റെ ഭാഗമായി വിജിലൻസ് മാനുവൽ പരിഷ്‌കരിക്കൽ, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കുള്ള പരിശീലന ശിൽപശാലകൾ, വിജിലൻസ് കമാൻഡോകളുടെ വിന്യാസം, സുതാര്യതയും മര്യാദയും ഉറപ്പാക്കുന്ന ബോധവൽക്കരണ പരിപാടികൾ തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് പ്രോജക്ട് സീറോ വഴി നടപ്പിലാക്കുന്നത്. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനായി 1064 എന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ പ്രചാരണാർത്ഥം അഴിമതിക്കെതിരെ സന്ദേശമുയർത്തി 'നേരിന്റെ ചുവടുകൾ' എന്ന പേരിലുള്ള നൃത്തശിൽപവും 'ജീവിതത്തിന് വിലങ്ങു തീർത്തവർ' എന്ന നാടകവും അരങ്ങേറി. പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള യുവാക്കൾക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലൻസ് കമാൻഡോ' ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags