തപാൽ കവർ ജടായു ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

VISHNUNATH

കൊല്ലം : കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശില്പത്തിന് ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത് ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്നും ടൂറിസം, സാംസ്‌കാരികം, സിനിമാ വകുപ്പ്  മന്ത്രി പി സി വിഷ്ണുനാഥ്.

ചടയമംഗലം ജടായു എർത്ത് സെന്റർ ഓപ്പൺ ഹാളിൽ നടന്ന തപാൽ കവർ പ്രകാശന ചടങ്ങിൽ തപാൽ കവർ സ്വീകരിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാബ് സിങ് മന്ത്രി പി സി വിഷ്ണുനാഥന് കവർ നൽകി പ്രകാശനം നിർവഹിച്ചു.  ലോകവ്യാപകമായി ഏറെ ശ്രദ്ധ നേടിയ വിനോദ കേന്ദ്രമാണ് ജടായു പാറ.  ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന നിലയിൽ മാത്രമല്ല, നിർമ്മാണ രീതി കൊണ്ടും, ശില്പഭംഗി കൊണ്ടും ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. പുതിയ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ രാമായണത്തിലെ ജടായുവിന്റെ വീരത്യാഗം വീണ്ടും ദേശീയശ്രദ്ധ നേടുന്ന പശ്ചാത്തലത്തിൽ ജടായുപ്പാറയുടെ ടൂറിസം സാധ്യത   വർധിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ ജടായു എർത്ത് സെന്ററിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. ജടായുവിന്റെ പേരിൽ തപാൽ കവർ ഏർപ്പെടുത്തിയതിന് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിനെ നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജടായു ശില്പത്തിന്റെ മുന്നിൽ വെച്ച് കവർ പ്രകാശനം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജടായു ശില്പം പ്രകൃതിസൗന്ദര്യത്തിന്റെ ഭാഗമാണെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാബ് സിംഗ് പറഞ്ഞു. ചടയമംഗലത്തെ പാറക്കെട്ടിന് മുകളിൽ ശിൽപി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റൻ ജടായു ശില്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്. ഇതിഹാസവും കലയും പ്രകൃതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ജടായു എർത്ത് സെന്റർ അനുഭവവിനോദസഞ്ചാരത്തിന്റെ ശ്രദ്ധേയ മാതൃക കൂടിയാണ്. ജടായുവിന്റെ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമയെ തപാൽ ശേഖരണത്തിന്റെ ഭാഗമാക്കുന്ന പ്രത്യേക കവർ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ദേശീയതലത്തിൽ കൂടുതൽ ദൃശ്യത നൽകും. ചടങ്ങിൽ ജടായു എർത്ത് സെന്റർ ചെയർമാൻ രാജീവ് അഞ്ചൽ അധ്യക്ഷനായി. ചടയമംഗലം എംഎൽഎ എം എം നസീർ,  കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എം ബിന്ദു, കൊല്ലം ഡിവിഷൻ എ എസ് പി  എംകെ മഞ്ജു എന്നിവർ പങ്കെടുത്തു.

Tags