വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വിഭജനം പൂർണമായി ഒഴിവാക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വിഭജനം (ഡിജിറ്റൽ ഡിവൈഡ്) പൂർണമായും ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിവരികയാണ്. തിരുവനന്തപുരം ജഗതി ഗവ. ബധിര വിദ്യാലയത്തിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര്യ ദിനാചരണവും സ്‌കൂൾ വിക്കിത്തോൺ പൂർത്തീകരണ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവരിലേക്കും ഒരുപോലെ എത്തിക്കും. അറിവ് നേടാനും വികസിപ്പിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പാഠ്യപദ്ധതിക്കൊപ്പം സാങ്കേതിക വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് പൂർത്തിയാക്കിയ സ്‌കൂൾ വിക്കിത്തോൺ ശ്രദ്ധേയമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 12291 വിദ്യാലയങ്ങളുടെ ചരിത്രം, നാൾവഴികൾ, പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ ഡാറ്റാ ശേഖരണമാണ് പദ്ധതിയിലൂടെ സാധ്യമായത്. പദ്ധതി വിജയകരമായി പൂർത്തിയാക്കിയ കൈറ്റിനെ മന്ത്രി അഭിനന്ദിച്ചു.
ഡിജിറ്റൽ സ്‌ക്വയർ, തീരദേശ-ആദിവാസി മേഖലകളിലെ കുട്ടികളുടെ സ്‌കൂൾ ഡ്രോപ്പ്ഔട്ട് തടയുന്നതിനുള്ള പദ്ധതികൾ, കായികമിത്രം, എറൈസ്, അക്വാഫിറ്റ്, അധ്യാപകരുടെ സർവീസ് പ്രശ്‌നങ്ങൾ പരിഹരിക്കുന്ന 'റിസോൾവ്' അദാലത്ത് തുടങ്ങിയവയും നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വതന്ത്ര്യ സോഫ്റ്റ്‌വെയർ ബോധവൽക്കരണത്തിന്റെ മൊഡ്യൂൾ മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ നേരിട്ടും സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്ന് ഓൺലൈനായും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെപ്പറ്റി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ എസ് നായർ പ്രഭാഷണം നടത്തി. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. കെ കെ മഷൂദ്, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)

