രോഗിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി; നടപ്പാതയും ശുചിമുറി സൗകര്യവും മെച്ചപ്പെടുത്താൻ നടപടി: മന്ത്രി കെ എ തുളസി

THULASI

തൃശ്ശൂർ :  അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിവിട്ടകാട് ഉന്നതിയിലെ 11 മുതുവാൻ കുടുംബങ്ങൾ ഉൾപ്പെടെ 38 പേർ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ പട്ടികജാതി–പട്ടികവർഗ–പിന്നാക്ക ക്ഷേമ വകുപ്പ് ഇടപെടുന്നു.

ചാലക്കുടിയിൽ നിന്ന് 88 കിലോമീറ്റർ സഞ്ചരിച്ച് മലക്കപ്പാറയിലെത്തിയ ശേഷം തമിഴ്നാട് വഴി 18 കിലോമീറ്ററും തുടർന്ന് നാലു കിലോമീറ്ററോളം നടന്ന് വേണം വെട്ടിവിട്ടകാട് ഉന്നതിയിലെത്താൻ. റോഡ് സൗകര്യമില്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ മഞ്ചലിൽ ചുമന്ന് സഞ്ചാരയോഗ്യമായ വഴിയിലെത്തിക്കേണ്ട സാഹചര്യമാണുള്ളത്.

ഉന്നതിയിലെ ചിന്നപ്പരാജിന്റെ മകൻ കുമാറിന് (33) ശനിയാഴ്ച വൈകിട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മലക്കപ്പാറ ഒ.പി. ക്ലിനിക്കിന്റെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തി ചികിത്സ ലഭ്യമാക്കി. ഞായറാഴ്ച രാവിലെ ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്തി രോഗിയെ താഴെയെത്തിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. നിലവിൽ കുമാറിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

ഉന്നതിയിലേക്കുള്ള റോഡ് നിർമാണത്തിനായി നേരത്തെ പലതവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഉയർന്ന എസ്റ്റിമേറ്റ് തുക കാരണം പദ്ധതി നടപ്പാക്കാനായിരുന്നില്ല. വാഹനങ്ങൾ എത്താൻ കഴിയുന്നിടത്തോളം നടപ്പാത വെട്ടി സഞ്ചാര യോഗ്യമാക്കുന്നതിനുള്ള സാധ്യതയും വകുപ്പ് പരിശോധിച്ചുവരികയാണ്.

ഉന്നതിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി ശുചിമുറികൾ നിർമിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ മാസം വർക്കിങ് ഗ്രൂപ്പിൽ അവതരിപ്പിച്ചിരുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ഒരു ശുചിമുറിക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരുന്നതിനാൽ ലഭ്യമായ തുക അപര്യാപ്തമാണെന്ന് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. തുടർന്ന് രണ്ടോ മൂന്നോ വിശദമായ പ്രൊപ്പോസലുകൾ പരിശോധിച്ച് പദ്ധതി നടപ്പാക്കാൻ ജില്ലാതല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

വെട്ടിവിട്ടകാട് ഉന്നതിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യവും അടിയന്തര ആരോഗ്യപരിചരണവും ഉറപ്പാക്കുന്നതിനുള്ള തുടർ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെയും തദ്ദേശ സ്ഥാപനത്തിന്റെയും ഏകോപനത്തോടെ സ്വീകരിച്ചുവരുന്നതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.

Tags